ഹൈദരാബാദ്: വിവാഹ വാഗ്ദാനം നൽകി 9.35 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ നടി അഷു റെഡ്ഡി എന്നറിയപ്പെടുന്ന വെങ്കട അശ്വിനി റെഡ്ഡിക്കും കുടുംബത്തിനുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഹൈദരാബാദ് സെൻട്രൽ ക്രൈം സ്റ്റേഷനിലാണ് കേസ് എടുത്തത്.
യുകെയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യെനുമല സത്യനാരായണ മൂർത്തിയുടെ പരാതിയിലാണ് നടപടി. തന്റെ മകൻ ധർമ്മേന്ദ്രയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് നടി വൻ തുക കൈക്കലാക്കിയെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
2018-ൽ ഒരു പൊതു സുഹൃത്ത് വഴിയാണ് ധർമ്മേന്ദ്രയും അശ്വിനി റെഡ്ഡിയും പരിചയപ്പെടുന്നത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി സിനിമ കരിയർ, വ്യക്തിപരമായ ചെലവുകൾ, വായ്പ എന്നിവയുടെ പേരിൽ പണം ആവശ്യപ്പെട്ടതായും, കാർ, സ്വർണം, മറ്റ് ആസ്തികൾ എന്നിവയും കൈപ്പറ്റിയതായും പരാതിയിൽ വ്യക്തമാക്കുന്നു.
2020 ജൂലൈയിൽ വിവാഹം നടത്തണമെന്ന ആവശ്യത്തിന് നടി വിസമ്മതിച്ചു. പിന്നീട് നടി ഹേമയുടെ മധ്യസ്ഥതയിൽ ചർച്ചകൾ നടന്നപ്പോൾ 70 ലക്ഷം രൂപ തിരികെ നൽകാമെന്ന് സമ്മതിച്ചെങ്കിലും, നൽകിയ ബ്ലാങ്ക് ചെക്കുകൾ പിന്നീട് തിരികെ വാങ്ങി നശിപ്പിച്ചതായും ആരോപണം ഉണ്ട്.
2020 മുതൽ 2025 വരെ വീണ്ടും വലിയ സാമ്പത്തിക ഇടപാടുകൾ നടന്നതായി പരാതിയിൽ പറയുന്നു. ഫ്ലാറ്റ് വാങ്ങാൻ 1.8 കോടി രൂപയും ഏകദേശം 5 കിലോ സ്വർണവും കൈപ്പറ്റിയതായും, നടിയുടെ സഹോദരി വെങ്കട ദിവ്യ റെഡ്ഡിക്കും 50 ലക്ഷം രൂപ നൽകിയതായും പറയുന്നു. എന്നാൽ 2025 ജൂലൈയിൽ വീണ്ടും വിവാഹത്തിൽ നിന്ന് പിന്മാറി, പണം തിരികെ നൽകാൻ വിസമ്മതിക്കുകയും വ്യാജ കേസുകൾ നൽകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു.
സംഭവത്തിൽ ക്രൈം നമ്പർ 78/2026 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അശ്വിനി റെഡ്ഡി, പിതാവ് വെങ്കട കൃഷ്ണ കൊയ്യ, സഹോദരി ദിവ്യ റെഡ്ഡി, അമ്മ യശോദ റെഡ്ഡി എന്നിവരെ പ്രതികളായി ചേർത്തിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
