ചെന്നൈ: ഡിഎംകെ സംഘടിപ്പിച്ച രാഷ്ട്രീയ പരിപാടിക്കിടെ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസംഗം പുതിയ വിവാദത്തിന് വഴിവെച്ചു. നടി തൃഷയെ സൂചിപ്പിക്കുന്ന തരത്തിൽ ദ്വയാർഥ പരാമർശം നടത്തിയെന്നാരോപിച്ചാണ് സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയരുന്നത്.
കാവേരി നദീജല തർക്കവും സംസ്ഥാനത്തെ കർഷകരുടെ പ്രശ്നങ്ങളും സംബന്ധിച്ച് സംസാരിക്കുന്നതിനിടെയാണ് സംഭവം. പ്രസംഗത്തിനിടെ സദസിലുണ്ടായിരുന്ന ചിലർ "തൃഷ... തൃഷ..." എന്ന് മുദ്രാവാക്യം വിളിച്ചതായാണ് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത്.
ഇതിനിടെയും ഉദയനിധി പ്രസംഗം തുടർന്നു. തുടർന്ന് തന്റെ പരാമർശം കാവേരിയെ സംബന്ധിച്ചതാണെന്നും അത് തമാശയായി പറഞ്ഞതാണെന്നുമാണ് അദ്ദേഹം പ്രതികരിച്ചതായി വീഡിയോയിൽ കാണുന്നത്. ഇതോടെ സദസിൽ നിന്ന് കൈയടിയും ചിരിയും ഉയർന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഉദയനിധിയുടെ പരാമർശത്തിനും പ്രവർത്തകരുടെ മുദ്രാവാക്യങ്ങൾക്കും ദ്വയാർഥമുണ്ടെന്നാണ് ടിവികെ പ്രവർത്തകരും നടൻ വിജയിയുടെ ആരാധകരും ആരോപിക്കുന്നത്. പൊതുവേദിയിൽ പാലിക്കേണ്ട രാഷ്ട്രീയ മര്യാദ ലംഘിച്ചതായും സ്ത്രീകളെ ലക്ഷ്യമിട്ടുള്ള ഇത്തരം പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും അവർ വിമർശിക്കുന്നു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട ആരോപണങ്ങളോട് ഉദയനിധി സ്റ്റാലിനോ ഡിഎംകെയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
