ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ‘ഡിസ്‌കോ’. ചെമ്പൻ വിനോദ്, ആന്റണി വർഗീസ് പെപ്പെ, അർജുൻ അശോകൻ, ലുക്മാൻ അവറാൻ, ഫെമിന ജോർജ് തുടങ്ങി വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ടീസറും ഗാനങ്ങളും ഇതിനകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
ടീസർ പുറത്തിറങ്ങിയതിനു പിന്നാലെ ഏറെ ചർച്ചയായത് നടി ഗായത്രി സുരേഷിന്റെ ബിക്കിനി ലുക്കാണ്. ഇതുവരെ കാണാത്ത ഗെറ്റപ്പിൽ താരമെത്തിയത് ആരാധകർക്കിടയിൽ വലിയ ചർച്ചയായി. നേരത്തെ ബിക്കിനി ധരിക്കില്ലെന്ന് ഗായത്രി പറഞ്ഞിരുന്ന കാര്യവും ഇതോടെ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.
‘ഡിസ്‌കോ’യിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും വസ്ത്രധാരണത്തിലെ മാറ്റത്തെക്കുറിച്ചും ഗായത്രി ഇപ്പോൾ മനസുതുറന്നിരിക്കുകയാണ്. ചിത്രത്തിന്റെ പ്രചാരണ പരിപാടിയിൽ സംസാരിക്കവെ, വലിയ ബജറ്റുള്ള സിനിമയിലും മികച്ച സംവിധായകനും താരനിരയ്ക്കുമൊപ്പം പ്രവർത്തിക്കാനും ഏറെക്കാലമായി ആഗ്രഹിച്ചിരുന്നുവെന്ന് താരം പറഞ്ഞു.
“കുറേ നാളായി ഒരു വലിയ ബജറ്റ് സിനിമ ചെയ്യാനും നല്ലൊരു സംവിധായകന്റെയും താരനിരയുടെയും കൂടെ പ്രവർത്തിക്കാനും ആഗ്രഹിച്ചിരുന്നു. അങ്ങനെയിരിക്കെയാണ് ഉല്ലാസേട്ടൻ വന്ന് കഥ പറഞ്ഞത്. എനിക്ക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. ഇതുവരെ ചെയ്യാത്ത, വ്യത്യസ്തമായ കഥാപാത്രമായിരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകിയിരുന്നു,” ഗായത്രി പറഞ്ഞു.
ഒരിക്കലും വെളിപ്പെടുത്തലേറിയ വസ്ത്രങ്ങൾ ധരിക്കില്ലെന്നും ബിക്കിനി ഇടില്ലെന്നും ഒരിക്കൽ ശപഥം ചെയ്തിരുന്നുവെന്നും താരം വെളിപ്പെടുത്തി. എന്നാൽ കാലക്രമേണ തന്റെ ചിന്താഗതിയിലും ജീവിതത്തെ നോക്കിക്കാണുന്ന രീതിയിലും മാറ്റമുണ്ടായി. ആ മാറ്റത്തിലേക്കുള്ള ആദ്യ ചുവടുവെക്കാൻ അവസരം നൽകിയ ഉല്ലാസ് ചെമ്പനോട് നന്ദിയുണ്ടെന്നും ഗായത്രി പറഞ്ഞു.
‘ഡിസ്‌കോ’ ഒരു സ്റ്റൈലിഷ് ചിത്രമാണെന്നും അന്താരാഷ്ട്ര നിലവാരത്തിലുള്ള സിനിമ കാണാൻ പ്രേക്ഷകർ തിയേറ്ററിലെത്തി പിന്തുണയ്ക്കണമെന്നും താരം അഭ്യർഥിച്ചു.
ചിത്രത്തിലെ തന്റെ പുതിയ ലുക്ക് കണ്ട് അമ്മയ്ക്ക് വിഷമം തോന്നിയിരുന്നുവെന്നും ഗായത്രി വെളിപ്പെടുത്തി. പരിപാടിക്കുശേഷം ഓൺലൈൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
“കണ്ടപ്പോൾ ഭയങ്കര വിഷമമായി എന്നാണ് അമ്മ പറഞ്ഞത്. ഞാൻ അമ്മയോട് നേരത്തെ പറഞ്ഞിരുന്നില്ല. എല്ലാവരും ധരിക്കുന്ന കാലത്ത് തനിക്കും ആകാമെന്ന് കരുതി. ആദ്യമായി ബിക്കിനി ധരിക്കാൻ ധൈര്യമുണ്ടായിരുന്നില്ല. എന്നാൽ അത് മോശമായിരുന്നില്ല, അശ്ലീലമായി തോന്നിയിരുന്നില്ല. അതുകൊണ്ടായിരിക്കാം ആളുകൾക്ക് ഇഷ്ടപ്പെട്ടത്,” ഗായത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
