തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ അന്വേഷണം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ച് പൊലീസ്. കേസിൽ ഇരയായ 16കാരിയുടെ ബന്ധുക്കളായ ദമ്പതികളെ അറസ്റ്റ് ചെയ്യുന്നതിനായി തമിഴ്‌നാട് പൊലീസ് കോടതിയുടെ അനുമതി തേടി. അനുമതി ലഭിക്കുന്നതോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. ചെന്നൈയിലെ സ്പായിലും പീഡനത്തിനിരയായതായി പെൺകുട്ടി മൊഴി നൽകിയതിനെ തുടർന്ന് കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പ്രത്യേക അന്വേഷണസംഘം ആന്ധ്രാപ്രദേശിലേക്ക് തിരിച്ചിട്ടുണ്ട്.
പെൺകുട്ടി പഠിച്ചിരുന്ന സ്കൂളിൽ പരിശോധന നടത്തുകയും സഹോദരിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്യുകയാണ് സംഘത്തിന്റെ ലക്ഷ്യം. കേസിന് അന്തർസംസ്ഥാന ബന്ധങ്ങളുണ്ടെന്ന് വ്യക്തമായതോടെ അന്വേഷണസംഘം വിപുലീകരിച്ചിട്ടുണ്ട്. കൺട്രോൾ റൂം എസിപി സി. ചന്ദ്രകുമാറിനാണ് പുതിയ അന്വേഷണ ചുമതല. കുട്ടിയെ കേരളത്തിലെത്തിച്ചതിന് പിന്നിൽ ആരൊക്കെയുണ്ടെന്നും ഇടനിലക്കാർ ആരാണെന്നും കണ്ടെത്താനാണ് അന്വേഷണത്തിന്റെ പ്രധാന ശ്രദ്ധ.
പെൺകുട്ടിയുടെ ബന്ധുക്കൾക്കെതിരെ മനുഷ്യക്കടത്ത് കുറ്റം ചുമത്താനുള്ള നടപടികളും പൊലീസ് പരിഗണിക്കുന്നുണ്ട്.
സ്പാ ശൃംഖലയിലെ പ്രധാന കണ്ണി അനുരൂപെന്ന് പൊലീസ്
കേസിൽ അറസ്റ്റിലായ തിരുവനന്തപുരം കോർപ്പറേഷൻ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം.ഒ. അനുരൂപാണ് സ്പാ ശൃംഖലയിലെ പ്രധാന കണ്ണിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഔദ്യോഗിക പദവി ഉപയോഗിച്ച് പരിചയങ്ങളും ബന്ധങ്ങളും സ്ഥാപിച്ചാണ് ഇയാൾ സ്പാ ബിസിനസിലേക്ക് കടന്നതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
കോവളത്ത് 'ഡ്രീം സ്പാ' ആരംഭിക്കാൻ നിഷാന്ത് എന്നയാളെ പ്രേരിപ്പിച്ചതും മറ്റ് സ്ഥലങ്ങളിൽനിന്ന് സ്ത്രീകളെ എത്തിച്ചതും അനുരൂപാണെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ നാല് ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
സ്പായിലെത്തിയ ഇടപാടുകാരെ കണ്ടെത്താൻ സൈബർ പരിശോധന
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന സമയത്തും പെൺകുട്ടിയെ നിരവധി പേർക്ക് പീഡിപ്പിക്കാൻ വിട്ടുനൽകിയെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം. സ്പായിലെത്തി കുട്ടിയെ പീഡിപ്പിച്ചവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് സൈബർ വിഭാഗം.
ഇതിനായി കഴിഞ്ഞ രണ്ടാഴ്ചത്തെ സിസിടിവി ദൃശ്യങ്ങൾ, ഗൂഗിൾ പേ ഇടപാട് വിവരങ്ങൾ, ഫോൺ സന്ദേശങ്ങൾ എന്നിവ ശേഖരിച്ചിട്ടുണ്ട്. പ്രതികളെ തിരിച്ചറിയൽ പരേഡിന് വിധേയരാക്കി, പെൺകുട്ടി തിരിച്ചറിയുന്നവർക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്താനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
ചെന്നൈയിലെ തെളിവെടുപ്പിന് അനുമതി തേടി
ചെന്നൈയിലെ ചെങ്കൽപ്പെട്ടിൽ പെൺകുട്ടിയെ ഏത് സ്പായിലാണ് എത്തിച്ചതെന്ന് കണ്ടെത്തുന്നതിനായി തെളിവെടുപ്പിന് കൊണ്ടുപോകാൻ താംബരം പൊലീസ് അനുമതി തേടിയിരുന്നു. എന്നാൽ തുടർച്ചയായ മൊഴിയെടുപ്പും പരിശോധനകളും നടക്കുന്നതിനാൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉടൻ യാത്രാനുമതി നൽകാൻ സാധ്യതയില്ലെന്നാണ് വിവരം.
കൗൺസിലിങ്ങിന് ശേഷം സിഡബ്ല്യുസിയുടെ സംരക്ഷണത്തിലുള്ള പെൺകുട്ടിയെ ഐജി നേരിട്ടെത്തി കണ്ട് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
