വേള്‍ഡ് കപ്പ് ഓഹരി വില്‍പന നീക്കം: ഫിഫയ്‌ക്കെതിരെ നിയമ നടപടിയുമായി യുവേഫ

AUGUST 3, 2026, 8:18 AM

ന്യോണ്‍: ലോകകപ്പ് ഫുട്‌ബോളിലെ ഭാവി ലാഭത്തിന്റെ ഓഹരി സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കാനുള്ള ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോയുടെ പദ്ധതി പരാജയപ്പെട്ടതിന് പിന്നാലെ ഫിഫയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യൂറോപ്യന്‍ ഫുട്‌ബോള്‍ ഭരണസമിതിയായ യുവേഫ മുന്നറിയിപ്പ് നല്‍കി. കേസിന് ആസ്പദമായ വിവരങ്ങളോ തെളിവുകളോ നശിപ്പിക്കരുതെന്നും യുവേഫ ഫിഫയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂയോര്‍ക്കിലെ ജോഷ്വ കുഷ്നറുടെ ഇന്‍വെസ്റ്റ്മെന്റ് ഫേം ഉള്‍പ്പെടെയുള്ള സ്വകാര്യ നിക്ഷേപകരില്‍ നിന്ന് 4.2 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനായിരുന്നു ഇന്‍ഫന്റീനോയുടെ രഹസ്യ നീക്കം. മാധ്യമ റിപ്പോര്‍ട്ടുകളിലൂടെ വാര്‍ത്ത പുറത്തുവന്നതോടെ ആഗോളതലത്തില്‍ വന്‍ പ്രതിഷേധമുയരുകയും, തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെയോടെ പദ്ധതി ഉപേക്ഷിക്കുകയുമായിരുന്നു.

പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ യുവേഫയുടെ 55 അംഗ ഫെഡറേഷനുകള്‍ വ്യാഴാഴ്ച യോഗം ചേര്‍ന്ന്, പദ്ധതി നിലനില്‍ക്കുന്നിടത്തോളം ഫിഫയുടെ എല്ലാ ടൂര്‍ണമെന്റുകളും മത്സരങ്ങളും ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു. ലോകകപ്പ് നടത്തിപ്പിനായി സ്വകാര്യ നിക്ഷേപകരെ ഉള്‍പ്പെടുത്തി 20 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനി രൂപീകരിക്കാനായിരുന്നു ഇന്‍ഫന്റീനോ ലക്ഷ്യമിട്ടത്. എന്നാല്‍ ചൊവ്വാഴ്ചത്തെ പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നു. വൈറ്റ് ഹൗസ് പാനല്‍ അംഗമായ ഇന്‍ഫന്റീനോയുടെ മുതിര്‍ന്ന ഉപദേശകന്‍ രാജി വെക്കുകയും, ഏഷ്യന്‍ ഫുട്‌ബോള്‍ സമിതിയും യൂറോപ്പിനും വടക്കേ അമേരിക്കയ്ക്കുമൊപ്പം പ്രതിഷേധത്തില്‍ പങ്കുചേരുകയും ചെയ്തതോടെ പദ്ധതി പിന്‍വലിക്കാന്‍ ഫിഫ നിര്‍ബന്ധിതരായി.

ഫിഫ ഫോര്‍വേഡ് എന്റര്‍പ്രൈസ് പദ്ധതിയുമായി ബന്ധപ്പെട്ട് നിയമനടപടികള്‍, ആര്‍ബിട്രേഷന്‍, അല്ലെങ്കില്‍ റെഗുലേറ്ററി പരാതികള്‍ എന്നിവ നല്‍കുന്നത് പരിഗണിക്കുകയാണെന്ന് യുവേഫയുടെ അഭിഭാഷകര്‍ ഫിഫയെ ഔദ്യോഗികമായി അറിയിച്ചു. ന്യൂയോര്‍ക്കിലെ ഡെക്കര്‍ട്ട് എന്ന ലോ ഫേം വെള്ളിയാഴ്ച അയച്ച കത്ത് അസോസിയേറ്റഡ് പ്രസ്സിന് ലഭിച്ചു. ഫിഫയിലെ 18 ഉന്നത ഉദ്യോഗസ്ഥരുടെ വിവരങ്ങളും രേഖകളും ഡിജിറ്റല്‍ സന്ദേശങ്ങളും തെളിവുകളായി സൂക്ഷിക്കണമെന്ന് കത്തില്‍ നിര്‍ദ്ദേശിക്കുന്നു. തെളിവുകള്‍ നശിപ്പിക്കുകയോ മാറ്റം വരുത്തുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുമെന്ന് അഭിഭാഷകന്‍ ആന്‍ഡ്രൂ ജെ. ലെവാന്‍ഡര്‍ മുന്നറിയിപ്പ് നല്‍കി.

ശനിയാഴ്ച നല്‍കിയ പ്രസ്താവനയില്‍, ഇന്‍ഫന്റീനോയ്ക്ക് മേലുള്ള ആഗോള ഫുട്‌ബോള്‍ ലോകത്തിന്റെ വിശ്വാസം നഷ്ടപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ 10 വര്‍ഷത്തെ പ്രസിഡന്റ് പദവി അവസാനിപ്പിക്കാന്‍ എല്ലാ വഴികളും തേടുമെന്നും യുവേഫ സൂചന നല്‍കി. ഫിഫയുടെ 211 അംഗ ഫെഡറേഷനുകള്‍ക്ക് ഓരോന്നിനും 20 മില്യണ്‍ ഡോളര്‍ വീതം വാഗ്ദാനം ചെയ്ത വിവാദ പദ്ധതി ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് അദ്ദേഹം പിന്‍വലിച്ചത്.

കായിക ഭരണരംഗത്തെയും ലോകകപ്പ് ബിസിനസ്സ് പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കാനാണ് 20 ബില്യണ്‍ ഡോളര്‍ മൂല്യം കണക്കാക്കിയ എഫ്.എഫ്.ഇ രൂപീകരിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. നിലവില്‍ 211 അംഗങ്ങള്‍ ചേര്‍ന്ന ലാഭരഹിത സമിതിക്കാണ് ഇതിന്റെ ഉടമസ്ഥാവകാശം. ഇന്‍ഫന്റീനോയുടെ ഈ വ്യക്തിഗത നീക്കത്തില്‍ ജീവനക്കാര്‍ വഞ്ചിക്കപ്പെട്ടതായി തോന്നിയെന്ന് ഫിഫ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ കെവിന്‍ ലാമൂര്‍ വെള്ളിയാഴ്ച എ.പിക്ക് നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇന്‍ഫന്റീനോയ്ക്ക് തിരിച്ചടി

യൂറോപ്പിന് പുറമെ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനും, നോര്‍ത്ത്-സെന്‍ട്രല്‍ അമേരിക്കന്‍ ആന്റ് കരീബിയന്‍ സംഘടനയായ കോണ്‍കാകാഫും ഇന്‍ഫന്റീനോയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും 2030 ലോകകപ്പില്‍ 64 ടീമുകളെ ഉള്‍പ്പെടുത്തി വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്ന തെക്കേ അമേരിക്കന്‍ സംഘടനയായ കോണ്‍മെബോളില്‍ നിന്നുമാണ് അദ്ദേഹത്തിന് പ്രധാന പിന്തുണ ലഭിക്കുന്നത്. രണ്ടാഴ്ച മുമ്പ് ന്യൂയോര്‍ക്കില്‍ ലോകകപ്പ് ഫൈനല്‍ അവസാനിക്കുമ്പോള്‍, 2031 വരെ അടുത്ത നാല് വര്‍ഷത്തേക്ക് കൂടി ഫിഫ പ്രസിഡന്റായി ഇന്‍ഫന്റീനോ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ സ്വകാര്യ ഈക്വിറ്റി പദ്ധതി തകര്‍ന്നതോടെ അദ്ദേഹത്തിന്റെ പദവി തന്നെ ഭീഷണിയിലായിരിക്കുകയാണ്.

സെപ്റ്റംബര്‍ പകുതിയോടെ നിലപാടറിയിക്കാന്‍ ആവശ്യപ്പെട്ട് അയച്ച കത്തുകളില്‍, വെയ്ല്‍സ് ഫെഡറേഷന്‍ തങ്ങളുടെ പിന്തുണ പിന്‍വലിക്കുന്നതായി ആദ്യം പ്രഖ്യാപിച്ചു. മാര്‍ച്ചില്‍ മൊറോക്കോയില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 18 ആണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam