മലയാള സിനിമയിൽ ത്രില്ലർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ജോർജുകുട്ടിയുടെ ഭാര്യ റാണി എന്ന കഥാപാത്രത്തിലൂടെ മീന ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു. പിന്നീട് 2021-ൽ ഒടിടി റിലീസായി എത്തിയ ദൃശ്യം 2 ലും മീന അതേ കഥാപാത്രമായി വീണ്ടും എത്തി.
ഇപ്പോൾ ദൃശ്യം 3 റിലീസിന് ഒരുങ്ങുകയാണ്. ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രത്തിന്റെ റിലീസ് ഏപ്രിൽ 2ന് നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ അതിന് മുമ്പ് ജീത്തു ജോസഫ്–മീന കൂട്ടുകെട്ടിൽ മറ്റൊരു ത്രില്ലർ പ്രേക്ഷകരിലേക്കെത്താനിരിക്കുകയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഇത് ഒരു സിനിമയല്ല, മറിച്ച് ഒരു വെബ് സീരീസാണ്. സംവിധാന ചുമതല ജീത്തു ജോസഫിനല്ലെങ്കിലും, ഷോ റണ്ണറായി അദ്ദേഹം തന്നെ സീരീസിനെ നയിക്കുന്നു എന്നാണ് വിവരം. ജിയോ ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യാനിരിക്കുന്ന റോസ്ലിൻ എന്ന സീരീസാണ് ഇത്. സുമേഷ് നന്ദകുമാർ സംവിധാനം ചെയ്യുന്ന ഈ സീരീസിന്റെ കഥയും തിരക്കഥയും വിനായക് ശശികുമാറാണ് ഒരുക്കിയിരിക്കുന്നത്.
സഞ്ജന ദീപു ടൈറ്റിൽ കഥാപാത്രമായി എത്തുന്ന സീരീസിൽ, മീനയ്ക്കൊപ്പം വിനീത് പ്രധാന വേഷത്തിലെത്തുന്നു. റോസ്ലിൻ എന്ന കൗമാരക്കാരി ആവർത്തിച്ച് കാണുന്ന ഒരു ഭീതിജനകമായ ദുസ്വപ്നമാണ് കഥയുടെ അടിത്തറ. ഒരാൾ തന്നെ പിന്തുടരുന്നതായി അവൾ കാണുന്ന സ്വപ്നവും അതിനെ തുടർന്ന് റോസ്ലിനും കുടുംബവും നേരിടുന്ന സംഭവവികാസങ്ങളുമാണ് സീരീസിന്റെ പ്രമേയം. ഹക്കീം ഷാ അവതരിപ്പിക്കുന്ന കഥാപാത്രവും കഥയിൽ നിർണായകമാണ്.
ജിയോ ഹോട്ട്സ്റ്റാറിന്റെ ഈ വർഷത്തെ ആദ്യ മലയാളം സീരീസായിരിക്കും റോസ്ലിൻ. ഔദ്യോഗിക റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഫെബ്രുവരി അല്ലെങ്കിൽ മാർച്ച് മാസങ്ങളിൽ സീരീസ് എത്തുമെന്നാണ് റിപ്പോർട്ടുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
