മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ മകൾ നിതാര കുമാറിനെ ഓൺലൈൻ വഴി ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ച പ്രതിയെ മഹാരാഷ്ട്ര സൈബർ വിഭാഗം പിടികൂടി.
മുംബൈയിലെ ആർ.ഡി. നാഷണൽ കോളേജിൽ സംഘടിപ്പിച്ച സൈബർ സുരക്ഷാ ബോധവൽക്കരണ പരിപാടിക്കിടെ എഡിജിപി യശ്വസി യാദവാണ് ഈ വിവരം പുറത്തുവിട്ടത്. ഓൺലൈൻ ഗെയിമിംഗിനിടെയാണ് നിതാരയ്ക്ക് ദുരനുഭവം ഉണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി.
കുറച്ചു മാസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ, അപരിചിതനായ വ്യക്തി നിതാരയുമായി ഗെയിമിലൂടെ സൗഹൃദം സ്ഥാപിക്കുകയും പിന്നീട് പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞതോടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെടുകയുമായിരുന്നു.
എന്നാൽ ഒട്ടും പതറാതെ നിതാര ഗെയിം അവസാനിപ്പിക്കുകയും മാതാപിതാക്കളെ വിവരമറിയിക്കുകയും ചെയ്തു. കുട്ടിയുടെ ഈ ധീരമായ നിലപാടാണ് പ്രതിയെ വേഗത്തിൽ കണ്ടെത്താൻ പോലീസിനെ സഹായിച്ചത്. സൈബർ തട്ടിപ്പുകളെ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥർ പരിപാടിയിൽ ഓർമ്മിപ്പിച്ചു.
സൈബർ ലോകത്തെ ചതിക്കുഴികളെക്കുറിച്ച് അക്ഷയ് കുമാർ മുൻപ് സംസാരിച്ച വീഡിയോയും ചടങ്ങിൽ പ്രദർശിപ്പിച്ചു. വീട്ടിൽ കുട്ടികൾക്ക് എന്തും തുറന്നു പറയാവുന്ന അന്തരീക്ഷം ഉണ്ടാകണമെന്നും, സ്കൂൾ തലം മുതൽ സൈബർ സുരക്ഷാ ക്ലാസുകൾ നിർബന്ധമാക്കണമെന്നും താരം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കും സൈബർ ബുള്ളിയിംഗിനുമെതിരെ ജാഗ്രത പാലിക്കാൻ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിക്കൊണ്ടാണ് ചടങ്ങ് അവസാനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
