ചെന്നൈ: സൂപ്പർസ്റ്റാർ രജനികാന്തിന്റെ ആത്മകഥയെ ചുറ്റിപ്പറ്റിയുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ തമിഴ് സിനിമാലോകത്തും സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടുന്നത്. ബെംഗളൂരുവിലെ ബസ് കണ്ടക്ടർ ജീവിതത്തിൽ നിന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായി ഉയർന്ന തന്റെ ജീവിതയാത്ര രജനികാന്ത് ആത്മകഥയായി എഴുതുകയാണെന്നാണ് പുറത്തുവരുന്ന വിവരം. ഇതിന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും, പുസ്തകം പൂർത്തിയായ ശേഷം അതിനെ ആസ്പദമാക്കി ഒരു ഫീച്ചർ സിനിമയും ഒരുങ്ങാനിടയുണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്.
രജനികാന്തിന്റെ വ്യക്തിജീവിതം, സിനിമാ ജീവിതത്തിലെ നിർണായക വഴിത്തിരിവുകൾ, പ്രശസ്തിയിലേക്കുള്ള പോരാട്ടം, നേരിട്ട പ്രതിസന്ധികൾ, ആത്മീയ ജീവിതം എന്നിവയെല്ലാം ആത്മകഥയിൽ ഉൾപ്പെടുമെന്നാണ് സൂചന. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട അനുഭവങ്ങൾ അദ്ദേഹം തുറന്നുപറയുന്ന രീതിയിലാണ് പുസ്തകം തയ്യാറാക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
ആത്മകഥയെ സിനിമയാക്കുന്ന സാധ്യതയെക്കുറിച്ച് രജനികാന്ത് അടുത്ത സുഹൃത്തുക്കളുമായും വിശ്വസ്തരുമായി ചർച്ച നടത്തിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
രജനികാന്തിന്റെ മകൾ സൗന്ദര്യ രജനികാന്ത് നേരത്തേ തന്നെ ആത്മകഥയുടെ രചന പുരോഗമിക്കുകയാണെന്ന് വെളിപ്പെടുത്തിയിരുന്നു. "ബെംഗളൂരുവിലെ ബസ് കണ്ടക്ടർ എന്ന നിലയിൽ ജീവിതം ആരംഭിച്ച് സ്വന്തം പരിശ്രമത്തിലൂടെ കോളിവുഡിന്റെ സൂപ്പർസ്റ്റാർ പദവിയിലെത്തിയ അച്ഛന്റെ ജീവിതകഥ അദ്ദേഹം തന്നെ എഴുതിത്തുടങ്ങിയിട്ടുണ്ട്," എന്നായിരുന്നു ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സൗന്ദര്യ പറഞ്ഞത്.
സംവിധായകൻ ലോകേഷ് കനകരാജും 'കൂലി' സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ രജനികാന്ത് ആത്മകഥയുടെ തിരക്കിലാണെന്ന് സൂചിപ്പിച്ചിരുന്നു. ഇതോടെയാണ് ആത്മകഥയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായത്.
അതേസമയം, രജനികാന്തിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം 'ജയിലർ 2' ആണ്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ, ശിവ രാജ്‌കുമാർ, വിദ്യാ ബാലൻ എന്നിവരടങ്ങുന്ന വമ്പൻ താരനിര അണിനിരക്കുന്നു. ഷാരൂഖ് ഖാൻ അതിഥി വേഷത്തിലെത്തുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
അശ്വന്ത് മാരിമുത്ത് സംവിധാനം ചെയ്യുന്ന 'ധർമൻ' ആണ് അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു രജനി ചിത്രം. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽ ഹാസനും ആർ. മഹേന്ദ്രനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംഗീതം അനിരുദ്ധ് രവിചന്ദറാണ് ഒരുക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
