ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്നും മാറി താമസിച്ച പ്രിൻസ് ഹാരിയും ഭാര്യ മേഗൻ മാർക്കിളും വീണ്ടും കൊട്ടാരത്തിലേക്ക് തിരിച്ചെത്താൻ വഴിതുറക്കുന്നതായി റിപ്പോർട്ടുകൾ. പ്രമുഖ മാധ്യമപ്രവർത്തകൻ ഡാൻ വൂട്ടൺ 'ദി മേഗിൻ കെല്ലി ഷോ'യിൽ വെളിപ്പെടുത്തിയ വിവരങ്ങളാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരിക്കുന്നത്. ചാൾസ് രാജാവിന്റെ ഏറ്റവും അടുത്ത ഉപദേശകനും പ്രധാന സഹായിയുമായ സർ ക്ലൈവ് ആൽഡർട്ടൺ പദവിയിൽ നിന്നും രാജിവെച്ചതാണ് ഈ പുതിയ മാറ്റങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്.
ഹാരിയുടെയും മേഗന്റെയും രാജകുടുംബത്തിലേക്കുള്ള തിരിച്ചുവരവിനെ ശക്തമായി എതിർത്തിരുന്ന വ്യക്തിയായിരുന്നു ക്ലൈവ് ആൽഡർട്ടൺ. എന്നാൽ നിലവിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ചാൾസ് രാജാവ്, തൻ്റെ ഇളയ മകനുമായും പേരക്കുട്ടികളുമായും ബന്ധം പുനഃസ്ഥാപിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും, ഇതിനു തടസ്സമായി നിന്നതിനാലാണ് ആൽഡർട്ടൻ സ്ഥാനമൊഴിയുന്നതെന്നുമാണ് വൂട്ടൺ അവകാശപ്പെടുന്നത്.
ഹാരിയുടെ പൊതുപ്രതിച്ഛായ വീണ്ടെടുക്കാൻ ലക്ഷ്യമിട്ട് 'ഓപ്പറേഷൻ തോർ' എന്ന പേരിൽ കൊട്ടാരത്തിൽ നീക്കങ്ങൾ നടക്കുന്നുണ്ടെന്നും ഇതിനു പിന്നിൽ പുതിയ കൊട്ടാരം അധികാരിയാണെന്നും അദ്ദേഹം ആരോപിച്ചു.അടുത്ത സെപ്റ്റംബറോടെ ലണ്ടനിലെത്തുന്ന ഹാരിക്ക് ബക്കിംഗ്ഹാം കൊട്ടാരത്തിൽ തന്നെ താമസിക്കാൻ ചാൾസ് രാജാവ് ക്ഷണം നൽകിയതായും സൂചനയുണ്ട്.
അതോടൊപ്പം സ്കോട്ട്‌ലൻഡിലെ ബാൽമോറൽ എസ്റ്റേറ്റിലേക്ക് അവധിക്കാലം ആഘോഷിക്കാനും രാജാവ് ഇവരെ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ പ്രിൻസ് വില്യമും ഭാര്യ കേറ്റ് മിഡിൽറ്റണും ഈ തീരുമാനത്തിൽ കടുത്ത അമർഷത്തിലാണെന്നാണ് റിപ്പോർട്ടുകൾ. മുൻപ് യുകെ സന്ദർശിച്ച വേളയിൽ ഹാരിയുമായി കൂടിക്കാഴ്ച നടത്താൻ പോലും ഇരുവരും തയ്യാറായിരുന്നില്ല.
ഇതുകൂടാതെ ഹാരിയുടെയും മേഗന്റെയും ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ഹാരി രാജകുടുംബത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുണ്ടെന്നും മാധ്യമപ്രവർത്തകൻ ഡാൻ വൂട്ടൺ കൂട്ടിച്ചേർത്തു. കൊട്ടാരത്തിലെ ഈ അപ്രതീക്ഷിത മാറ്റങ്ങൾ ബ്രിട്ടീഷ് രാജകുടുംബത്തിനുള്ളിൽ വലിയ തർക്കങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
