ലോക്സഭാ തിരഞ്ഞെടുപ്പ്: ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ പ്രഭാരിമാരെ നിയോഗിച്ച് ബി.ജെ.പി; ഒരുക്കങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര നിര്‍ദേശം

JULY 28, 2026, 8:39 PM

തിരുവനന്തപുരം: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജയസാധ്യത കല്‍പ്പിക്കുന്ന മണ്ഡലങ്ങളില്‍ മുന്‍കൂട്ടി തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്ര ഘടകത്തില്‍നിന്ന് നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രമുഖ നേതാക്കള്‍ക്ക് വിവിധ ലോക്സഭാ മണ്ഡലങ്ങളുടെ സംഘടനാ ചുമതല കൈമാറി ബി.ജെ.പി പ്രഭാരിമാരായി നിയോഗിക്കപ്പെടുന്ന നേതാക്കള്‍ തന്നെയായിരിക്കും അതത് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി മത്സരരംഗത്തിറങ്ങുകയെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.

സംസ്ഥാന അധ്യക്ഷനും എം.എല്‍.എ.യുമായ രാജീവ് ചന്ദ്രശേഖറിനാണ് തിരുവനന്തപുരം മണ്ഡലത്തിന്റെ ചുമതല നല്‍കിയിട്ടുള്ളത്. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലും സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി പത്തനംതിട്ടയിലും പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. കൊല്ലം മണ്ഡലത്തില്‍ ബി.ബി. ഗോപകുമാര്‍ എം.എല്‍.എ.ക്കും തൃശ്ശൂരില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കുമാണ് സാധ്യത. മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ മത്സരരംഗത്തുണ്ടാകുന്നില്ലെങ്കില്‍, വരാനിരിക്കുന്ന പാര്‍ട്ടി പുനസംഘടനാ സമയത്ത് അദ്ദേഹത്തെ ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിലേക്ക് പരിഗണിക്കാനാണ് ധാരണ.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവല്ല മണ്ഡലത്തില്‍ മികച്ച മുന്നേറ്റമുണ്ടാക്കി രണ്ടാമതെത്തിയ അനൂപ് ആന്റണിയുടെ പ്രധാന പ്രവര്‍ത്തനമേഖല പത്തനംതിട്ടയിലേക്ക് മാറ്റുകയായിരുന്നു. തിരഞ്ഞെടുപ്പ് ചുമതലകളില്‍ പൂര്‍ണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അദ്ദേഹത്തെ യുവമോര്‍ച്ചയുടെ പ്രഭാരി സ്ഥാനത്തുനിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നേതാവ് വേണമെന്ന പാര്‍ട്ടി തീരുമാനപ്രകാരം സംസ്ഥാന വൈസ് പ്രസിഡന്റ് പി. സുധീറിന് യുവമോര്‍ച്ചയുടെ പുതിയ ചുമതല കൈമാറി. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനായി വിവിധ മേഖലാ യോഗങ്ങള്‍ക്ക് പാര്‍ട്ടി തുടക്കം കുറിച്ച് കഴിഞ്ഞു. ഇതിന്റെ ഭാഗമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും സുപ്രധാന യോഗം ബുധനാഴ്ച ചേരും.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ നിലനില്‍ക്കെത്തന്നെ അവ അവഗണിച്ച് സംഘടനാ തലത്തിലെ ഒരുക്കങ്ങളുമായി മുന്നോട്ടുപോകാനാണ് ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam