കൊല്ലം: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ ബി.ജെ.പിയില്‍ പിടിവലി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ എന്നിവരുടെ പേരുകളാണ് കേന്ദ്ര നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്. ശോഭാ സുരേന്ദ്രനും സി.കൃഷ്ണകുമാറിനും വേണ്ടി വലിയ സമ്മര്‍ദം നേതാക്കള്‍ ചെലുത്തുന്നുണ്ട്. ഇരുപക്ഷവും നിലപാട് കടുപ്പിച്ചതോടെ കാര്യങ്ങള്‍ കേന്ദ്രനേതൃത്വം ഏറ്റെടുത്തിരിക്കുകയാണ്.
ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്ടെ മുതിര്‍ന്ന നേതാക്കളടക്കം രംഗത്തു വന്നതോടെ കൃഷ്ണകുമാറിനെ മത്സരിപ്പിക്കാന്‍ താത്പര്യമുള്ള സംസ്ഥാന നേതൃത്വം പ്രതിസന്ധിയിലാകുകയായിരുന്നു. പാലക്കാട്ട് ആദ്യമായി രണ്ടാംസ്ഥാനത്തെത്തിയതും മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ട് വര്‍ധിപ്പിച്ചതും ചൂണ്ടിക്കാട്ടിയാണ് ശോഭാ അനുകൂലികള്‍ വിട്ടുകൊടുക്കാതെ രംഗത്ത് തുടരുന്നത്. കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ തങ്ങളാണ് മേല്‍ക്കൈ നേടിയതെന്ന് ഇരുവിഭാഗവും അവകാശപ്പെടുന്നു.
ശോഭയെ വയനാട്ടില്‍ മത്സരിപ്പിക്കാനും കൃഷ്ണകുമാറിന് പാലക്കാട് സീറ്റ് നല്‍കാനും ശ്രമം നടക്കുന്നതായി ശോഭാ അനുകൂലികള്‍ ആരോപിക്കുന്നു. സംസ്ഥാന നേതൃത്വത്തിനെതിരേ ഇവര്‍ മൂന്ന് സമാന്തരയോഗങ്ങള്‍ ചേര്‍ന്നതായാണ് വിവരം. എറണാകുളത്ത് ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ഭാരവാഹികള്‍ അടക്കം പങ്കെടുത്തു. ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വമാണ് ഇപ്പോഴത്തെ അജന്‍ഡയെങ്കിലും അന്തിമലക്ഷ്യം സംഘടനാ തിരഞ്ഞെടുപ്പാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്