മലപ്പുറം: നിലമ്പൂരിൽ വീണ്ടും കാട്ടാന ആക്രമണം. പെരുമ്പത്തൂർ ആലോടി നാലകത്ത് ഹൈദരാലിയുടെ വീടിന്റെ മതിലും ഗേറ്റും കാട്ടാന തകർത്തു. വീട്ടുവളപ്പിലെ കൃഷിയും വ്യാപകമായി നശിപ്പിച്ചു.
വീട്ടുമുറ്റത്ത് എത്തിയ കാട്ടാന ഏറെ നേരം പ്രദേശത്ത് നിലയുറപ്പിച്ചതായി നാട്ടുകാർ പറഞ്ഞു. ആറുമാസം മുൻപും ഇതേ വീട്ടിലെ മതിലും ഗേറ്റും കാട്ടാന തകർത്തിരുന്നു. കാനകുത്ത് വനമേഖലയിൽ നിന്ന് കാഞ്ഞിരപ്പുഴ നീന്തിക്കടന്നാണ് കാട്ടാനകൾ ജനവാസ മേഖലയിലെത്തുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
കഴിഞ്ഞ ദിവസവും സോളാർ വൈദ്യുത തൂക്കുവേലി തകർത്ത് കാട്ടാനകൾ പ്രദേശത്തെ കൃഷിയിടങ്ങളിൽ വ്യാപക നാശനഷ്ടം വിതച്ചിരുന്നു. വന്യജീവി ശല്യം ആവർത്തിക്കുന്ന സാഹചര്യത്തിൽ സ്ഥിരമായ പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം, എറണാകുളം ജില്ലയിലെ കോതമംഗലം–കട്ടപ്പന റോഡിലും ഇന്ന് കാട്ടാന ശല്യം റിപ്പോർട്ട് ചെയ്തു. നേര്യമംഗലം ചെമ്പൻകുഴി ഭാഗത്ത് രാവിലെ രണ്ട് കാട്ടാനകൾ റോഡിലിറങ്ങിയതോടെ വാഹനയാത്രക്കാർ പരിഭ്രാന്തരായി.
ആക്രമണത്തിൽ ബൈക്ക് യാത്രികനും കാർ യാത്രികനും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നഗരംപാറ ഫോറസ്റ്റ് സ്റ്റേഷന് സമീപത്താണ് കാട്ടാനകൾ എത്തിയത്. കഴിഞ്ഞ ദിവസവും ഇതേ പ്രദേശത്ത് കാട്ടാനകളെ കണ്ടിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
മേഖലയിൽ സ്ഥാപിച്ചിരിക്കുന്ന വനാതിർത്തി വേലി അശാസ്ത്രീയമാണെന്നും അതിനാലാണ് കാട്ടാനകൾ നിരന്തരം ജനവാസ മേഖലയിലേക്ക് കടക്കുന്നതെന്നും പ്രദേശവാസികൾ ആരോപിച്ചു. വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
