ഇടുക്കിയില്‍ ജലനിരപ്പ് കുത്തനെ താണു; സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്

JUNE 30, 2026, 10:02 PM

ഇടുക്കി: സംസ്ഥാനത്തെ പ്രധാന ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് അപകടകരമായ വിധം താഴ്ന്നതോടെ കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നിലവില്‍ 44 അടി വെള്ളത്തിന്റെ കുറവാണ് അണക്കെട്ടിലുള്ളത്. വരും ദിവസങ്ങളില്‍ മഴ ശക്തമായില്ലെങ്കില്‍ സംസ്ഥാനത്തെ വൈദ്യുതി ഉത്പാദനം പൂര്‍ണമായും താളംതെറ്റുമെന്നാണ് ആശങ്ക.

നിലവില്‍ ഇടുക്കി അണക്കെട്ടിന്റെ ആകെ സംഭരണ ശേഷിയുടെ 23 ശതമാനം വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. ഇടവപ്പാതി പകുതി പിന്നിട്ടിട്ടും ഇടുക്കി ക്യാച്ച്മെന്റ് ഏരിയയില്‍ പ്രതീക്ഷിച്ച മഴ ലഭിച്ചിട്ടില്ല. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ആകെ 342 മില്ലിമീറ്റര്‍ മഴ മാത്രമാണ് ഇവിടെ രേഖപ്പെടുത്തിയത്. ഇതുകാരണം കഴിഞ്ഞ ഒരു മാസത്തിനിടെ ഡാമിലെ ജലനിരപ്പില്‍ കേവലം നാലടിയുടെ വര്‍ധനവ് മാത്രമാണ് ഉണ്ടായത്.

ഡാമിലെ വെള്ളം കുറഞ്ഞതോടെ മൂലമറ്റം പവര്‍ഹൗസിലെ വൈദ്യുതി ഉത്പാദനം കെ.എസ്.ഇ.ബി വന്‍തോതില്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ പ്രതിദിനം 12 ദശലക്ഷം യൂണിറ്റ് വരെ ഉത്പാദിപ്പിച്ചിരുന്ന സ്ഥാനത്ത് നിലവില്‍ ശരാശരി 4 ദശലക്ഷം യൂണറ്റ് മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. അണക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷിയുടെ 20 ശതമാനത്തിന് താഴേക്ക് പോയാല്‍ മൂലമറ്റത്തെ വൈദ്യുതി ഉത്പാദനം പൂര്‍ണ്ണമായും നിര്‍ത്തിവെയ്‌ക്കേണ്ടി വരും. ഇടുക്കിക്ക് പുറമെ സംസ്ഥാനത്തെ മറ്റ് ചെറുകിട അണക്കെട്ടുകളിലും ജലനിരപ്പ് ആശങ്കാജനകമാംവിധം കുറവാണ്.

ഡാമുകളിലെ ജലക്ഷാമം പരിഹരിക്കാനും ലോഡ്‌ഷെഡ്ഡിങ് ഒഴിവാക്കാനുമായി പുറത്തുനിന്ന് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കി. കെ.എസ്.ഇ.ബി സമര്‍പ്പിച്ച കൃത്യമായ രേഖകളും സംസ്ഥാനത്തെ വൈദ്യുതി ലഭ്യതയുടെ കുറവും കണക്കിലെടുത്താണ് ഈ അടിയന്തര നടപടി. സെപ്റ്റംബര്‍ മാസമൊഴികെ, ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ ഉയര്‍ന്ന നിരക്കില്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങാനാണ് അനുമതിയുള്ളത്.

വരും ദിവസങ്ങളില്‍ കാലവര്‍ഷം കനത്തില്ലെങ്കില്‍ കെ.എസ്.ഇ.ബിക്ക് സാമ്പത്തിക ബാധ്യതയേറുമെന്നും ഇത് ഉപയോക്താക്കള്‍ക്ക് മേല്‍ സര്‍ചാര്‍ജ്ജ് അടക്കമുള്ള അധിക ബാധ്യത വരുത്തിവെക്കുമെന്നുമാണ് വിലയിരുത്തല്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam