കൊല്ലം : പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിൽ മീനഭരണി ഉത്സവത്തോടനുബന്ധിച്ചുണ്ടായ വെടിക്കെട്ട് അപകടത്തെ തുടർന്ന് പൊട്ടാതെ അവശേഷിച്ച 1082.5 കിലോഗ്രാം സ്‌ഫോടകവസ്‌തു പാറമടയിൽ കൊണ്ടുപോയി നിർവീര്യമാക്കിയതായി സാക്ഷിമൊഴി.
കേസിലെ അഞ്ചും ആറും സാക്ഷികളായ ബോംബ് സ്‌ക്വാഡ് ഗ്രേഡ് എസ്‌ഐ രാമരാജ്, പരവൂർ സ്റ്റേഷൻ ഗ്രേഡ് എസ്‌ഐ ആന്റണി എന്നിവരാണ് പ്രത്യേക കോടതിയുടെ ചുമതലയുള്ള അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി എം സി ആന്റണി മുമ്പാകെ മൊഴി നൽകിയത്.
മത്സരക്കമ്പത്തിനായി ക്ഷേത്രത്തിന് സമീപം മിനിലോറിയിൽ സൂക്ഷിച്ചിരുന്നതും അപകടശേഷം പൊട്ടാതെ കിടന്നതുമായ 245കിലോ സ്‌ഫോടകവസ്‌തുക്കൾ എക്‌സ്‌പ്ലോസീവ് ഡെപ്യൂട്ടി ഡയറക്ടറോടൊപ്പം അളന്നുതിട്ടപ്പെടുത്തി. തുടർന്ന് കുടവട്ടൂരിലെ പാറമടയിൽ കൊണ്ടുപോയി നിർവീര്യമാക്കിയതായും രാമരാജു മൊഴിനൽകി.
ക്ഷേത്രത്തിൽനിന്ന് 300 മീറ്റർ അകലെ ശാർക്കര ദേവീക്ഷേത്രമൈതാനത്ത് മൂന്ന് വാഹനങ്ങളിലും പരിസരത്തും സൂക്ഷിച്ചിരുന്ന 847 കിലോ ഗ്രാം സ്‌ഫോടക വസ്‌തുക്കൾ എസ്ഐ ആന്റണിയോടൊപ്പം തിട്ടപ്പെടുത്തി മഹസർ തയ്യാറാക്കിയതായി രാമരാജു മൊഴി നൽകി. ഇവ എക്സ്പ്ലോസീവ്‌സ് ഡെപ്യൂട്ടി കൺട്രോളർ സ്കന്ദസാമിയുടെ സാന്നിധ്യത്തിൽ ക്വാറിയിൽ കൊണ്ടുപോയി നിർവീര്യമാക്കി.
കേസിലെ 10 മുതൽ 12വരെ സാക്ഷികളെ ജൂലൈ നാലിന് വിസ്‌തരിക്കും. എക്‌സ്‌പ്ലോസീവ്‌സ് ഡെപ്യൂട്ടി കൺട്രോളർ സ്കന്ദസാമിയെ 18ന് വിസ്തരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
