കൊച്ചി: സംസ്ഥാന ബജറ്റിൽ സ്വകാര്യ ബസ് മേഖലയെ സഹായിക്കുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബസ് ഉടമകളും തൊഴിലാളികളും. സ്ത്രീകൾക്കായി സർക്കാർ നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി സ്വകാര്യ ബസ് മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കിയെന്നാണ് ബസ് ഉടമകളുടെ ആരോപണം.
അതേസമയം ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ പ്രതിഷേധ പരിപാടികളിലേക്ക് കടക്കേണ്ടി വരുമെന്ന് വ്യക്തമാക്കി.
സ്വകാര്യ ബസുകളിലെ യാത്രക്കാരിൽ ഏകദേശം 70 ശതമാനവും സ്ത്രീകളായിരുന്നുവെന്നാണ് സംഘടനയുടെ വിലയിരുത്തൽ. എന്നാൽ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ വലിയൊരു വിഭാഗം യാത്രക്കാർ സ്വകാര്യ ബസുകളിൽ നിന്ന് മാറിയെന്നാണ് ബസ് ഉടമകൾ പറയുന്നത്.
പ്രിയദർശിനി പദ്ധതി ആരംഭിച്ച ആദ്യദിനം തന്നെ 13.29 ലക്ഷംത്തിലധികം സ്ത്രീകൾ കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്തതായാണ് കണക്കുകൾ. ഇതോടെ കെഎസ്ആർടിസിയിലെ സ്ത്രീ യാത്രക്കാരുടെ എണ്ണം 81 ശതമാനം വർധിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.
ഇതിന്റെ പ്രത്യാഘാതമായി സ്വകാര്യ ബസുകളുടെ ദിവസവരുമാനത്തിൽ വലിയ ഇടിവ് ഉണ്ടായതായി ബസ് ഉടമകൾ ചൂണ്ടിക്കാട്ടുന്നു. കൂടാതെ കഴിഞ്ഞ 15 വർഷമായി വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കാത്തതും മേഖലയെ സാമ്പത്തികമായി ബാധിച്ചിട്ടുണ്ടെന്നാണ് അവരുടെ വാദം.
വിദ്യാർഥികളുടെ മിനിമം കൺസഷൻ നിരക്ക് അഞ്ച് രൂപയായി ഉയർത്തുക, ഡീസൽ സബ്സിഡി അനുവദിക്കുക, നികുതി ഇളവുകൾ നൽകുക, പൊതുചാർജ് വർധന പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകൾ സർക്കാരിന് മുന്നിൽ ഉന്നയിച്ചിരിക്കുന്നത്.
സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്ന തരത്തിലുള്ള പ്രത്യേക സാമ്പത്തിക പാക്കേജോ സഹായ നടപടികളോ ബജറ്റിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയൻ ഉൾപ്പെടെയുള്ള സംഘടനകൾ മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തിൽ സ്വകാര്യ ബസുകൾക്കും നിർണായക പങ്കുള്ളതിനാൽ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യവും ശക്തമാകുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
