കൊച്ചി: നടി അൻസിബ നൽകിയ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ് റിപ്പോർട്ട്. കടവന്ത്ര സി.ഐ എറണാകുളം എസ്‌പിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മറ്റൊരാൾ പറഞ്ഞതായി പരാതിക്കാരി കേട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം കേസെടുക്കാൻ നിയമപരമായി കഴിയില്ലെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. അൻസിബയുടെ ഹർജി കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പൊലീസിന്റെ റിപ്പോർട്ട് പുറത്തുവന്നത്.
ജൂൺ ഒന്നിനാണ് അൻസിബ ടിനി ടോമിനെതിരെ പൊലീസിൽ പരാതി നൽകിയത്. തനിക്കെതിരെ തുടർച്ചയായി അപവാദ പ്രചാരണം നടത്തിയെന്നും, ടിനി ടോമിന്റെ ഡ്രൈവറെ മതംമാറ്റാൻ ശ്രമിച്ചുവെന്നത് ഉൾപ്പെടെ വ്യാജ ആരോപണങ്ങൾ പ്രചരിപ്പിച്ചുവെന്നും പരാതിയിൽ അൻസിബ ആരോപിച്ചിരുന്നു. തന്നെയും കുടുംബത്തെയും ലക്ഷ്യമിട്ട് വേട്ടയാടാൻ ശ്രമിച്ചുവെന്നും, ഇതുമൂലം കടുത്ത മാനസിക പീഡനം അനുഭവിക്കേണ്ടിവന്നുവെന്നും അവർ പരാതിയിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, അൻസിബയുടെ ആരോപണങ്ങൾ ടിനി ടോം നിഷേധിച്ചിരുന്നു. സ്റ്റേജ് ഷോകളിൽ തർക്കങ്ങളും വാക്കേറ്റങ്ങളും ഉണ്ടാകാറുണ്ടെങ്കിലും, ഒരു സഹപ്രവർത്തകനോടും മോശം സന്ദേശങ്ങളോ അനുചിതമായ പെരുമാറ്റമോ തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. 'ജിഹാദി' എന്ന് അൻസിബയെ വിളിച്ചിട്ടില്ലെന്നും ടിനി ടോം വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
