ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ മരണത്തിൽ കേരളത്തിലും പൊലീസ് കേസെടുത്തു. കുടുംബത്തിന്റെ ആവശ്യപ്രകാരം ഇന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ റീ പോസ്റ്റ്‌മോർട്ടം നടത്തും. ഹരിപ്പാട് പൊലീസ് പ്രതിയായ സദറുല്‍ അനമിനെതിരെ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രാവിലെ 11 മണിയോടെയാണ് റീ പോസ്റ്റ്‌മോർട്ടം നിശ്ചയിച്ചിരിക്കുന്നത്. സാവരിയയുടെ ശരീരത്തിൽ കൂടുതൽ മുറിവുകളുണ്ടെന്നും മരണത്തിൽ കൂടുതൽ ദുരൂഹതകളുണ്ടെന്നുമാണ് കുടുംബത്തിന്റെ ആരോപണം. പ്രതി മുമ്പും സാവരിയയെ ഉപദ്രവിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ സാവരിയയുടെ പിതാവ് ബസന്ത് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.
ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറയിൽ സഹപാഠികൾ നൽകിയ മൊഴിയിൽ, പ്രതി നേരത്തെയും സാവരിയയെ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നു. സംഭവത്തിന് ശേഷം സാവരിയ താഴെ വീണതാണെന്ന് പറഞ്ഞാണ് പ്രതി ആശുപത്രിയിലെത്തിച്ചതെന്നും, പിന്നീട് അന്വേഷണത്തിനിടെ കുറ്റം സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്. നിലവിൽ സദറുല്‍ അനം ഉസ്‌ബെക്കിസ്ഥാൻ പൊലീസിന്റെ കസ്റ്റഡിയിലാണ്.
ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര കരാർ പ്രകാരം, പ്രതിയും ഇരയും ഇന്ത്യക്കാരായതിനാൽ കേസ് ഇന്ത്യയ്ക്ക് കൈമാറാൻ ആവശ്യപ്പെടാനാകും. അങ്ങനെ സംഭവിച്ചാൽ വിചാരണ ഉൾപ്പെടെയുള്ള നടപടികൾ കേരളത്തിൽ നടക്കാനാണ് സാധ്യത. പ്രതിയുടെ കുടുംബവും വിചാരണ ഇന്ത്യയിൽ നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കൊച്ചിയിലെത്തിച്ച സാവരിയയുടെ മൃതദേഹം റീ പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും. വൈകിട്ട് നാല് മണിയോടെയാണ് സംസ്കാരം.
ജൂലൈ മൂന്നിനാണ് ബുഖാറയിലെ കോളേജ് ഹോസ്റ്റലിൽ ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ 22-കാരി സാവരിയ കൊല്ലപ്പെട്ടത്. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭ ഭവനത്തിൽ ബസന്ത്–മിനി സുപ്രഭ ദമ്പതികളുടെ മകളും ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയുമായിരുന്നു സാവരിയ. ഫോണിൽ ബന്ധപ്പെടാനാകാതെ വന്നതിനെ തുടർന്ന് കുടുംബം നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. വാക്കുതർക്കത്തിനിടെ ഉണ്ടായ പ്രകോപനത്തെ തുടർന്നാണ് സദറുല്‍ അനം ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
