മലപ്പുറം: ചമ്പക്കുളം മൂലം വള്ളംകളിയുമായി ബന്ധപ്പെട്ട പ്രാദേശിക അവധി വിവാദത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന് പൂര്‍ണ്ണ പിന്തുണയുമായി പി.കെ കുഞ്ഞാലിക്കുട്ടി. നിയമസഭയില്‍ മൈക്കിലൂടെ പുറത്തുവന്ന മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം വള്ളംകളി അവധിയെക്കുറിച്ചായിരുന്നില്ലെന്നും, സഭയില്‍ തങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്ന മറ്റൊരു വിഷയത്തെക്കുറിച്ചുള്ള മറുപടിയായിരുന്നു അതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വിവാദത്തിന് പിന്നിലെ യഥാര്‍ത്ഥ സാഹചര്യം കുഞ്ഞാലിക്കുട്ടി വിശദീകരിച്ചത് ഇങ്ങനെയാണ്,
'ഞങ്ങള്‍ സഭയിലിരുന്ന് മറ്റൊരു വിഷയത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് വള്ളംകളി അവധിയുമായി ബന്ധപ്പെട്ട ചോദ്യം വരുന്നത്. ചോദ്യം വന്നപ്പോള്‍ മുഖ്യമന്ത്രി എഴുന്നേറ്റുനിന്ന് ഔദ്യോഗിക മറുപടി നല്‍കി. അതിനുശേഷം സീറ്റില്‍ വന്നിരുന്ന് എന്നോടുള്ള സംസാരം തുടരുകയായിരുന്നു. 'ഒരു കാരണവശാലും നമുക്കത് വേണ്ട' എന്ന് അദ്ദേഹം പറഞ്ഞത് ഞങ്ങള്‍ തമ്മില്‍ സംസാരിച്ച വേറൊരു വിഷയത്തെക്കുറിച്ചായിരുന്നു. മുറിഞ്ഞുപോയ ആ സംഭാഷണഭാഗം മാത്രം അടര്‍ത്തിയെടുത്താണ് ഇപ്പോള്‍ വാര്‍ത്തയാക്കിയിരിക്കുന്നത്. അത് കുട്ടനാട് എംഎല്‍എയോട് പറഞ്ഞതല്ല എന്ന് ഏറ്റവും ചുരുങ്ങിയത് എനിക്കെങ്കിലും കൃത്യമായി അറിയാം. ലോകത്തെ പറ്റിക്കാന്‍ കഴിഞ്ഞേക്കും, എന്നാല്‍ എന്നെ പറ്റിക്കാനാകില്ല.'എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് കുട്ടനാട് എംഎല്‍എ റെജി ചെറിയാനാണ് നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചത്. ഇതിന് മറുപടിയായി, 'വിഷയം സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനമെടുക്കും' എന്ന് മുഖ്യമന്ത്രി ഔദ്യോഗികമായി അറിയിച്ചു.
മറുപടിക്ക് ശേഷം സീറ്റിലേക്ക് മടങ്ങിയെത്തിയ മുഖ്യമന്ത്രി, മൈക്ക് ഓഫാണെന്ന് കരുതി 'ഒരു കാരണവശാലും കൊടുക്കില്ല' എന്ന് പറയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയത്. മുഖ്യമന്ത്രി കുട്ടനാട്ടുകാരെയും വള്ളംകളി പ്രേമികളെയും അവഹേളിച്ചു എന്നാരോപിച്ച് വലിയ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍, ഈ പരാമര്‍ശം വള്ളംകളി വിഷയത്തിലല്ലെന്നും തങ്ങള്‍ തമ്മിലുള്ള സ്വകാര്യ സംഭാഷണത്തിന്റെ ബാക്കിയാണെന്നുമാണ് കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
