കൊച്ചി: കേരള പോലീസില്‍ കായിക ക്വാട്ട വഴി ബോഡി ബില്‍ഡര്‍മാരെ നേരിട്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായി നിയമിച്ച സംഭവത്തില്‍ മുന്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി ഹൈക്കോടതി. ആവശ്യമായ യോഗ്യതകളോ ശാരീരികക്ഷമതയോ ഇല്ലാത്തവര്‍ക്ക് ചട്ടങ്ങള്‍ മറികടന്ന് ഉന്നത തസ്തിക നല്‍കിയതിന് പിന്നില്‍ വലിയ തോതിലുള്ള അഴിമതിയുണ്ടെന്ന് ജസ്റ്റിസ് ബദറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചു. രാജ്യാന്തര തലത്തില്‍ ശ്രദ്ധേയരായ കായികതാരങ്ങളെ തഴഞ്ഞാണ് അര്‍ഹതയില്ലാത്ത രണ്ട് പേര്‍ക്ക് സബ് ഇന്‍സ്‌പെക്ടര്‍മാരുടെ പ്രമോഷന്‍ സാധ്യതകള്‍ വരെ തടസ്സപ്പെടുത്തി നേരിട്ട് സി.ഐ നിയമനം നല്‍കിയതെന്ന് കോടതി വ്യക്തമാക്കി.
നിയമന നടപടികളില്‍ പങ്കാളികളായ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. അപേക്ഷകര്‍ ശാരീരികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ട വിവരം ചീഫ് സെക്രട്ടറി ക്യാബിനറ്റിനെയോ മുഖ്യമന്ത്രിയെയോ അറിയിക്കാതെ ഫയല്‍ മുന്നോട്ട് നീക്കുകയാണുണ്ടായത്. കാല്‍പന്ത് കളിക്കാരായ ഐ.എം വിജയന്‍, ഷറഫലി, കെ.ടി ചാക്കോ തുടങ്ങിയ ഇതിഹാസ താരങ്ങള്‍ക്ക് പോലും തുടക്കത്തില്‍ എ.എസ്.ഐ തസ്തിക മാത്രമാണ് നല്‍കിയിരുന്നത്. എന്നാല്‍ യാതൊരു കായികക്ഷമതയുമില്ലാത്ത രണ്ട് പേരെ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് മുകളിലായി പ്രതിഷ്ഠിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് സര്‍ക്കാരിനോട് കോടതി ചോദ്യമുന്നയിച്ചു.
100 മീറ്റര്‍ ഓട്ടത്തിലും ഷോട്ട്പുട്ടിലും പരാജയപ്പെട്ടവരെ ചട്ടങ്ങള്‍ ലംഘിച്ച് സി.ഐ റാങ്കിലേക്ക് നേരിട്ട് നിയമിച്ചതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതി സര്‍ക്കാരിനെതിരെ കര്‍ശന നിലപാട് സ്വീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
