ന്യൂഡല്‍ഹി: ദേശീയപാത വികസനത്തിനായി ഭൂമി വിട്ടുനല്‍കിയ ജനങ്ങളെ വീണ്ടും ആശങ്കയിലാഴ്ത്തി സുപ്രീം കോടതിയുടെ നിര്‍മാണ നിയന്ത്രണ ഉത്തരവ്. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ദേശീയപാതയുടെ മധ്യഭാഗത്ത് നിന്ന് 40 മീറ്ററിനുള്ളില്‍ വീടുകള്‍ക്കും 75 മീറ്ററിനുള്ളില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കരുതെന്ന് ഏപ്രില്‍ 26 ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് വ്യക്തമാക്കിയിരിക്കുന്നത്.
വികസനത്തിനായി ഭൂരിഭാഗം സ്ഥലവും നല്‍കി റോഡരികില്‍ ഏതാനും സെന്റുകള്‍ മാത്രം ബാക്കിയുള്ള സാധാരണക്കാര്‍ക്ക് അവിടെ പുതിയ നിര്‍മാണങ്ങളോ ബിസിനസ്സുകളോ നടത്താന്‍ സാധിക്കാത്ത അവസ്ഥയാണ് ഇതിലൂടെ സംജാതമായിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന ജനസാന്ദ്രതയുള്ള കേരളത്തെയാണ് ഈ ഉത്തരവ് ഏറ്റവും കൂടുതല്‍ പ്രഹരത്തിലാക്കുന്നത്. റോഡുകളുടെ ഇരുവശത്തും നിരവധിയായ വീടുകളും ചെറുകിട കച്ചവട സ്ഥാപനങ്ങളും തിങ്ങിപ്പാര്‍ക്കുന്ന സംസ്ഥാനത്ത് ഇത്രയും വലിയ ദൂരപരിധി പ്രായോഗികമല്ല.
രാജസ്ഥാനില്‍ 2025 നവംബറില്‍ 15 തീര്‍ഥാടകരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തെ തുടര്‍ന്ന് ദേശീയപാതകളിലെ സുരക്ഷ ഉറപ്പാക്കാന്‍ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിന്റെ ഭാഗമായാണ് ഈ നിര്‍ദേശങ്ങള്‍. അനധികൃത ധാബകള്‍ (റോഡരികിലെ നാടന്‍ ഭക്ഷണശാല), റോഡിലെ വാഹനം നിര്‍ത്തിയിടല്‍, ആംബുലന്‍സ് സൗകര്യങ്ങളുടെയും വെളിച്ചത്തിന്റെയും കുറവ് തുടങ്ങിയവയാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണമായി കോടതി വിലയിരുത്തിയത്.
ഹൈവേ സുരക്ഷാ സമിതി രൂപീകരിക്കാനും പെട്രോളിങ് ശക്തമാക്കാനും കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും കര്‍ണാടക, ബീഹാര്‍, പുതുച്ചേരി എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണ് ഇത് നടപ്പിലാക്കി റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഓഗസ്റ്റ് 25 നകം മറുപടി നല്‍കണമെന്നും വീഴ്ച വരുത്തിയാല്‍ ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് ഹാജരാകണമെന്നും സുപ്രീംകോടതി കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി കോടതിയില്‍ കൃത്യമായ നിലപാടറിയിക്കാന്‍ ഒരുങ്ങുകയാണ് കേരള സര്‍ക്കാര്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
