തിരുവനന്തപുരം: ആർ.എസ്.എസ്. പരിപാടിയിൽ പങ്കെടുത്ത ഡോ. മോഹനൻ കുന്നുമ്മലിന്റെ നടപടി വൈസ് ചാൻസലർ പദവിക്ക് നിരക്കാത്തതാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. വൈസ് ചാൻസലർമാർ രാഷ്ട്രീയ പാർട്ടികളുടെ പരിപാടികളിൽ പങ്കെടുത്ത് പ്രത്യയശാസ്ത്രപരമായ ധ്രുവീകരണത്തിന് ഇടയാക്കുന്നത് ശരിയായ നടപടിയല്ലെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന വീതംവെപ്പിന്റെ ഭാഗമായാണ് മോഹനൻ കുന്നുമ്മൽ വൈസ് ചാൻസലർ പദവിയിലെത്തിയതെന്നും മന്ത്രി ആരോപിച്ചു.
കോതമംഗലം എം.എ. കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സർവകലാശാലയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് മുന്നോട്ടുപോകാൻ കോളേജ് മാനേജ്മെന്റ് തയ്യാറാണെന്ന് മന്ത്രി അറിയിച്ചു. നേരത്തെയും എം.എ. കോളേജിലെ വിദ്യാർഥികൾ തന്നെ സന്ദർശിച്ച് വിഷയം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
വിദ്യാർഥിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ചില പ്രായോഗിക തടസ്സങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്കും അവിടെ നിന്ന് ഇറ്റാനഗറിലേക്കും മൃതദേഹം എത്തിക്കേണ്ടതുണ്ട്. വിദ്യാർഥിയുടെ നാട് ഏറെ ദൂരെയായതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
കണ്ണൂർ സർവകലാശാലയിൽ എസ്.എഫ്.ഐ. അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് നടത്താനിരുന്ന 'ഷീ ഫെസ്റ്റ്' പരിപാടിക്ക് അനുമതി നിഷേധിച്ചതിലും മന്ത്രി വിശദീകരണം നൽകി. പരിപാടിക്കായി നിർദ്ദിഷ്ട രീതിയിൽ കൃത്യമായ അപേക്ഷ നൽകാത്തതിനാലാണ് അനുമതി നിഷേധിച്ചതെന്നും, പരിപാടിയിൽ പങ്കെടുക്കുന്നത് ആരാണെന്ന് പരിഗണിച്ചല്ല സർവകലാശാല നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഓരോ പരിപാടിക്കും സർവകലാശാലയുടെ നിശ്ചിത നടപടിക്രമങ്ങൾ പാലിച്ച് മുൻകൂട്ടി അപേക്ഷ നൽകേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, കാലടി സർവകലാശാലയിൽ എസ്.എഫ്.ഐ. നടത്തിയ പ്രതിഷേധത്തെയും മന്ത്രി വിമർശിച്ചു. വി.സിയെ ആക്രമിക്കാൻ ശ്രമിച്ച സംഭവം അംഗീകരിക്കാനാകില്ലെന്നും, വി.സി. നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്ക് സർക്കാർ എതിരല്ലെന്നും എന്നാൽ അക്രമസമരങ്ങളെ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
