പത്തനംതിട്ട: പുതിയതായി സര്‍വീസ് ആരംഭിച്ച കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസ് തണ്ണിത്തോട്ടില്‍ വച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ നടുറോഡില്‍ തടഞ്ഞു. ബ്ലൂ ഹില്‍ എന്ന സ്വകാര്യ ബസിലെ ഉടമകളും ജീവനക്കാരുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കെഎസ്ആര്‍ടിസിയുടെ കടന്നുവരവോടെ തങ്ങള്‍ക്ക് വന്‍ വരുമാനനഷ്ടം ഉണ്ടാകുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സംഭവത്തെ തുടര്‍ന്ന് ബ്ലൂ ഹില്‍ ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചു.
നിലവില്‍ 16 സ്വകാര്യ ബസുകളാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. എന്നാല്‍ തങ്ങളുടെ സമയക്രമത്തിന് കൃത്യം അഞ്ച് മിനിറ്റ് മുന്‍പായി കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസുകള്‍ എത്തുകയും യാത്രക്കാരെ കൊണ്ടുപോകുകയും ചെയ്യുന്നുവെന്നാണ് പ്രധാന പരാതി. ഇതുമൂലം കളക്ഷന്‍ വന്‍തോതില്‍ കുറയുന്നതായി സ്വകാര്യ ബസ് ഉടമകള്‍ വ്യക്തമാക്കുന്നു.
കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഇല്ലാത്ത പ്രദേശങ്ങളിലേക്ക് പ്രിയദര്‍ശിനി ബസുകള്‍ ഓടിക്കില്ലെന്ന അധികൃതരുടെ മുന്‍പത്തെ വാഗ്ദാനം ലംഘിച്ചാണ് പുതിയ റൂട്ടുകളില്‍ സര്‍വീസ് തുടങ്ങിയതെന്നും ആരോപണമുണ്ട്. കൂടാതെ ഇപ്പോള്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ക്ക് ആവശ്യമായ പെര്‍മിറ്റോ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റോ ഇല്ലെന്ന ഗുരുതര ആരോപണവും സ്വകാര്യ ബസ് ഉടമകള്‍ ഉയര്‍ത്തുന്നു. തണ്ണിത്തോട് റൂട്ടില്‍ ഇതിനുമുന്‍പും കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. വിഷയം കൂടുതല്‍ വഷളായ സാഹചര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികളും യാത്രക്കാരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
