കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ റെയ്ഡ് പൂർത്തിയാക്കി മടങ്ങുന്നതിനിടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസിൽ നിർണായക നീക്കവുമായി ഇഡി. കേസിലെ ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.
സെഷൻസ് കോടതിയിൽ ജാമ്യഹർജി പരിഗണിക്കുന്നതിനിടെ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കാമെന്ന സംശയം അപ്പീലിൽ ഇഡി ഉന്നയിക്കുന്നു. കേസിൽ ജാമ്യം ലഭിച്ച ആദ്യ പ്രതിയാണ് ഹരീഷ് കുമാർ.
ഹരീഷ് കുമാറിന്റെ ജാമ്യത്തെ എതിർത്ത് കഴിഞ്ഞ മാസം 18-ന് പൊലീസ് വിശദമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ, പ്രതിയെ കസ്റ്റഡിയിൽ തുടരേണ്ടതില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചതെന്ന് ഇഡി ചൂണ്ടിക്കാട്ടുന്നു.
കേസിൽ തുടർ അന്വേഷണവും ചോദ്യം ചെയ്യലും തുടരുന്ന സാഹചര്യത്തിൽ പ്രതി ജാമ്യത്തിൽ തുടരുകയാണെങ്കിൽ സമാന ആക്രമണങ്ങളും പ്രതിഷേധങ്ങളും ഉണ്ടാക്കി ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യതയുണ്ടെന്നും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, കേസിൽ ഗൂഢാലോചന നടന്നതായി തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. പ്രതികളുടെ ഫോൺ കോളുകൾ പരിശോധിച്ചപ്പോൾ അസ്വാഭാവികത കണ്ടെത്താനായില്ലെന്നും, കൂടുതൽ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി അയയ്ക്കുമെന്നും പൊലീസ് കോടതിയെ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
