ഹണി റോസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂർ; കേസ് പിൻവലിക്കണമെന്ന് അഭ്യർഥന

JUNE 29, 2026, 3:06 AM

കൊച്ചി: നടി ഹണി റോസിനെതിരെ നടത്തിയ വിവാദ പരാമർശങ്ങളിൽ പരസ്യമായി മാപ്പ് പറഞ്ഞ് വ്യവസായി ബോബി ചെമ്മണ്ണൂർ. തന്റെ വാക്കുകൾ ഹണി റോസിനും കുടുംബത്തിനും മാനസിക വിഷമമുണ്ടാക്കിയെന്ന് തിരിച്ചറിഞ്ഞെന്നും അതിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക മാധ്യമത്തിലൂടെയാണ് ബോബി ചെമ്മണ്ണൂർ മാപ്പപേക്ഷ പങ്കുവെച്ചത്.

ഹണി റോസ് തന്റെ ക്ഷമാപണം സ്വീകരിച്ച് നിയമനടപടികൾ പിൻവലിക്കണമെന്ന അഭ്യർഥനയും അദ്ദേഹം മുന്നോട്ടുവച്ചു. വിഷയം മാനുഷിക പരിഗണനയോടെ കാണണമെന്നും വിവാദങ്ങൾ അവസാനിപ്പിച്ച് പോസിറ്റീവായി മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.

താൻ എല്ലാവരോടും ബഹുമാനത്തോടെയും സ്നേഹത്തോടെയും പെരുമാറാൻ ശ്രമിക്കുന്ന വ്യക്തിയാണെന്നും മനഃപൂർവം ആരെയും വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്യാൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. സമൂഹമാധ്യമങ്ങളിൽ തമാശകളും വിനോദപരമായ ഉള്ളടക്കങ്ങളും പങ്കുവയ്ക്കാറുണ്ടെങ്കിലും, അതൊന്നും ആരെയും അപമാനിക്കാനോ മാനസികമായി വേദനിപ്പിക്കാനോ ലക്ഷ്യമിട്ടതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹണി റോസിനെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ അവർക്ക് മാത്രമല്ല കുടുംബത്തിനും വലിയ മാനസിക പ്രയാസം ഉണ്ടാക്കിയെന്ന് ഇപ്പോഴാണ് വ്യക്തമായി മനസ്സിലായതെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു. തന്റെ വാക്കുകളും അതുണ്ടാക്കിയ ആഘാതവും സംബന്ധിച്ച പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ജ്വല്ലറി ഉദ്ഘാടന ചടങ്ങിനിടെ ബോബി ചെമ്മണ്ണൂർ നടത്തിയതായി ആരോപിക്കപ്പെട്ട ലൈംഗിക ചുവയുള്ളതും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ പരാമർശങ്ങളാണ് ഇരുവരും തമ്മിലുള്ള വിവാദത്തിന് തുടക്കമായത്. തുടർന്ന് ഹണി റോസ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകുകയും, പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

നിയമപോരാട്ടം തുടരുന്നതിനിടെയാണ് ബോബി ചെമ്മണ്ണൂർ പരസ്യമായി മാപ്പപേക്ഷയുമായി രംഗത്തെത്തിയിരിക്കുന്നത്. ഹണി റോസ് ഈ മാപ്പപേക്ഷ സ്വീകരിച്ച് കേസ് പിൻവലിക്കുമോയെന്നത് ഇനി ശ്രദ്ധേയമായ വിഷയമായി മാറിയിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam