കാസർകോട്: കൊലക്കേസ് പ്രതിയായ യുവാവ് എലിവിഷം അകത്ത് ചെന്നതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു. കുമ്പള മാവിനക്കട്ടയിലെ ഒരു ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന ഹബീബ് എന്ന അഭിലാഷ് (31) ആണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. കാസർകോട് ചൗക്കി സ്വദേശിയാണ്.
എട്ട് ദിവസം മുമ്പ് ദേശീയപാത സർവീസ് റോഡരികിൽ അവശനിലയിൽ കിടക്കുന്നതായി നാട്ടുകാർ കണ്ടെത്തിയതിനെ തുടർന്ന് കുമ്പള പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അഭിലാഷിനെ കുമ്പള ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് എലിവിഷം അകത്ത് ചെന്നിട്ടുണ്ടെന്ന് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഡോക്ടർമാരുടെ നിർദേശപ്രകാരം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
അഭിലാഷ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. 2023 ഒക്ടോബറിൽ കുമ്പള ശാന്തിപ്പള്ളം സ്വദേശിയായ സമൂസ റഷീദ് എന്നയാളെ തലയ്ക്ക് ചെങ്കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയായിരുന്നു.
കുമ്പള ഐ.എച്ച്.ആർ.ഡി കോളേജിന് സമീപത്തെ ഗ്രൗണ്ടിലെ കുറ്റിക്കാട്ടിൽ നിന്നാണ് അന്ന് സമൂസ റഷീദിന്റെ മൃതദേഹം കണ്ടെത്തിയത്. കേസിൽ അഭിലാഷിനെതിരെ അന്വേഷണം നടന്നുവരികയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണകാരണം സംബന്ധിച്ച കൂടുതൽ വ്യക്തത പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ ലഭിക്കുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
