മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഒരു മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് ഡ്രമ്മിനുള്ളില്‍ ഇട്ട് സിമന്റ് നിറച്ച് അടച്ചു. ലണ്ടനില്‍ നിന്ന് മീററ്റിലേക്ക് മടങ്ങിയെത്തിയ സൗരഭ് രജ്പുത് എന്ന മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെയാണ് ഭാര്യ മുസ്‌കാനും കാമുകന്‍ സാഹിലും ചേര്‍ന്ന് കൊലപ്പെടുത്തിയത്.
ചോദ്യം ചെയ്യലില്‍, മുസ്‌കാനും കാമുകന്‍ സാഹിലും സൗരഭിനെ കുത്തിക്കൊലപ്പെടുത്തിയതായി സമ്മതിച്ചു. തുടര്‍ന്ന് മൃതദേഹം കഷണങ്ങളാക്കി, അവശിഷ്ടങ്ങള്‍ ഒരു പ്ലാസ്റ്റിക് ഡ്രമ്മില്‍ വയ്ക്കുകയും അതില്‍ സിമന്റ് നിറയ്ക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകം നടത്തിയ ശേഷം, മുസ്‌കന്‍ സഹിലിനൊപ്പം ഒരു വിനോദസഞ്ചാര കേന്ദ്രത്തിലേത്തേക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോയതായി റിപ്പോര്‍ട്ടുണ്ട്.
2016 ലാണ് മുസ്‌കന്‍ റസ്‌തോഗിയെ സൗരഭ് വിവാഹം കഴിച്ചത്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. സൗരഭും മുസ്‌കാനും കഴിഞ്ഞ മൂന്ന് വര്‍ഷമായി അവരുടെ അഞ്ച് വയസ്സുള്ള മകളോടൊപ്പം ഒരു വാടക വീട്ടിലാണ് താമസിച്ചിരുന്നത്.
പോലീസ് പറയുന്നതനുസരിച്ച്, സൗരഭിനെ അവസാനമായി പുറത്തു കണ്ടത് മാര്‍ച്ച് 4 നാണ്. ഇതേ ദിവസം തന്നെയാണ് അയാള്‍ കൊല്ലപ്പെട്ടത്. പിന്നീട് വീട് പൂട്ടി മുസ്‌കാന്‍ സ്ഥലം വിട്ടു. ഭര്‍ത്താവിനൊപ്പം ഹിമാചല്‍ പ്രദേശിലേക്ക് ഒരു യാത്ര പോകുകയാണെന്നാണ് അയല്‍ക്കാരോട് പറഞ്ഞത്. ഈ കാലയളവില്‍, സംശയം തോന്നാതിരിക്കാന്‍ സൗരഭിന്റെ ഫോണില്‍ നിന്ന് കുടുംബത്തിന് സന്ദേശങ്ങള്‍ അയച്ചു.
മുസ്‌കാന്റെ അമ്മയാണ് കുറ്റകൃത്യം വെളിപ്പെടുത്തി പോലീസിനെ സമീപിച്ചത്. ഇതോടെ പോലീസ് മുസ്‌കാനെയും സാഹിലിനെയും അറസ്റ്റ് ചെയ്തു. മൃതദേഹം ഒളിപ്പിച്ച വീട്ടിലേക്ക് പൊലീസ് എത്തി. രണ്ട് മണിക്കൂര്‍ ശ്രമിച്ചിട്ടും, സിമന്റ് കട്ടിയായതിനാല്‍ പോലീസിന് ഡ്രം തുറക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മോര്‍ച്ചറിയിലെത്തിച്ച് ഡ്രം മുറിച്ചുമാറ്റി മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുക്കുകയായിരുന്നു.
സംഭവത്തില്‍ മുസ്‌കാനെയും സാഹിലിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്