ന്യൂഡല്‍ഹി: ബഹിരാകാശ യാത്രിക സുനിതാ വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാര്‍ച്ച് ഒന്നിന് അയച്ച കത്ത് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ആണ് എക്‌സില്‍ പങ്കുവെച്ചത്. രാജ്യത്തിന്റെ അഭിമാന നിമിഷമാണിതെന്നും സുനിതയ്ക്കും ബുച്ചിനും ആശംസകള്‍ അറിയിക്കുന്നതായും മോദി കത്തില്‍ പറഞ്ഞു.
തിരിച്ചെത്തിയ ശേഷം നിങ്ങളെ ഇന്ത്യയില്‍ കാണാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ പുകള്‍പെറ്റ പുത്രിമാരില്‍ ഒരാളെ ആതിഥേയത്വം വഹിക്കാന്‍ കഴിയുന്നത് ഏറെ സന്തോഷകരമായിരിക്കുമെന്നും മോദി കുറിച്ചു.
2016-ല്‍ അമേരിക്ക സന്ദര്‍ശിച്ച ഘട്ടത്തില്‍ നിങ്ങളെ കണ്ടുമുട്ടിയത് സ്‌നേഹപൂര്‍വ്വം ഓര്‍ക്കുന്നു. തിരിച്ചു വരവിന് ശേഷം ഇന്ത്യയില്‍ നിങ്ങളെ കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ബൈഡനേയും പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനേയും കണ്ടുമുട്ടിയപ്പോള്‍ സുനിതയുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിച്ചതായും കത്തില്‍ പറയുന്നു.
താങ്കളുടെ നേട്ടത്തില്‍ 1.4 ബില്യണ്‍ ഇന്ത്യക്കാര്‍ അഭിമാനിക്കുന്നു. ആയിരം മൈലുകള്‍ അകലെയാണെങ്കിലും നിങ്ങള്‍ ഞങ്ങളുടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നു. പൂര്‍ണ ആരോഗ്യവാന്മാരായിരിക്കാനും ദൗത്യവിജയത്തിനും ഇന്ത്യയിലെ ജനങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. സുനിതയുടെ അമ്മ ബോണി പാണ്ഡ്യ അവരുടെ തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നു മോദി പറഞ്ഞു. പരേതനായ ദീപക് ഭായിയുടെ അനുഗ്രവും നിങ്ങളോടൊപ്പമുണ്ടെന്ന് എനിക്കുറപ്പുണ്ടെന്നും മോദി കത്തില്‍ പറഞ്ഞു.
ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യനെയും വഹിച്ചുള്ള ആദ്യപരീക്ഷണത്തിന്റെ ഭാഗമായാണ് സുനിതയും ബുച്ചും 2024 ജൂണില്‍ ഐഎസ്എസിലേക്കു പോയത്. ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചുവരുകയായിരുന്നു ലക്ഷ്യമെങ്കിലും സ്റ്റാര്‍ലൈനറിനുണ്ടായ സാങ്കേതികത്തകരാര്‍മൂലം അതിലുള്ള മടക്കയാത്ര നടന്നില്ല. ഉചിതമായ ബദല്‍പദ്ധതി തയ്യാറാകുന്നതുവരെ അവര്‍ക്ക് ഐഎസ്എസില്‍ കഴിയേണ്ടിവന്നു. ഇലോണ്‍ മസ്‌കിന്റെ സ്‌പെയ്സ് എക്‌സുമായി സഹകരിച്ചാണ് നാസ തിരിച്ചുവരവ് സാധ്യമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്