രണ്ട് വര്‍ഷത്തിനിടെ രാജ്യമാകെ റദ്ദാക്കിയത് 3.4 കോടി മൊബൈല്‍ കണക്ഷനുകള്‍; കേരളത്തില്‍ മാത്രം 6.4 ലക്ഷം

JULY 13, 2025, 8:29 PM

ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രാജ്യമാകെ കേന്ദ്ര ടെലികോം വകുപ്പ് റദ്ദാക്കിയത് 3.4 കോടി തട്ടിപ്പ് മൊബൈല്‍ കണക്ഷനുകളെന്ന് റിപ്പോര്‍ട്ട്. റദ്ദാക്കിയതില്‍ 6.4 ലക്ഷം സിം കാര്‍ഡുകള്‍ കേരളത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സൈബര്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ട കണക്ഷനുകള്‍, വ്യാജ രേഖ നല്‍കിയെടുത്ത സിം കാര്‍ഡുകള്‍ അടക്കം ഇതില്‍ ഉള്‍പ്പെടും. 

വ്യക്തിഗത സിം പരിധി ലംഘിച്ചതിന് മാത്രം രാജ്യമാകെ 1.19 കോടി സിം കാര്‍ഡുകളാണ് റദ്ദാക്കിയത്. ഒരു വ്യക്തിക്ക് പരമാവധി 9 സിം കാര്‍ഡുകളാണ് കൈവശം വയ്ക്കാവുന്നത്. കശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ഇത് 6 ആണ്. പരിധി കവിഞ്ഞെടുക്കുന്ന സിം കാര്‍ഡുകള്‍ ഭൂരിഭാഗവും തട്ടിപ്പിനാണെന്നാണ് വിലയിരുത്തല്‍.

സൈബര്‍ തട്ടിപ്പുകള്‍ അടക്കമുള്ള കാരണങ്ങളുടെ പേരില്‍ ആഭ്യന്തര മന്ത്രാലയം, പൊലീസ് എന്നിവ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 53 ലക്ഷം കണക്ഷനുകള്‍ റദ്ദാക്കിയത്. കേന്ദ്രത്തിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത വ്യാജ സിം കാര്‍ഡ് വേട്ട വഴി 78 ലക്ഷം കാര്‍ഡുകള്‍ക്കാണ്  വിലക്ക് വീണത്. 

ഒരേ വ്യക്തി പലതരത്തിലുള്ള വ്യാജവിവരങ്ങളും രേഖകളും നല്‍കി വാങ്ങിയ സിം കാര്‍ഡുകളാണ് ഇത്തരത്തില്‍ റദ്ദാക്കുന്നത്. സിം എടുക്കാനായി ഉപയോക്താക്കള്‍ ടെലികോം കമ്പനികള്‍ക്ക് നല്‍കുന്ന ചിത്രങ്ങള്‍ മുഴുവനായി പരിശോധിക്കും. ഈ ചിത്രങ്ങളില്‍ സാമ്യമുള്ളവ ഒരുമിച്ച് ലിസ്റ്റ് ചെയ്യും. സൂക്ഷ്മ പരിശോധനയ്ക്കു ശേഷമാണ് റദ്ദാക്കുന്നത്. 'സഞ്ചാര്‍ സാഥി' പോര്‍ട്ടല്‍ വഴിയാണ് ടെലികോം വകുപ്പ് നടപടികള്‍ ഏകോപിപ്പിച്ചത്.

16.97 ലക്ഷം വാട്‌സാപ് തട്ടിപ്പുകളില്‍ ഉള്‍പ്പെട്ട 3.19 ലക്ഷം മൊബൈല്‍ ഫോണുകളും രണ്ട് വര്‍ഷത്തിനിടെ രാജ്യമാകെ റദ്ദാക്കി. സിം കാര്‍ഡുകള്‍ക്ക് പുറമേ ഫോണുകളുടെ ഐഎംഇഐ നമ്പര്‍ കൂടി വിലക്കുന്നതിനാല്‍ മറ്റാര്‍ക്കും ഇവയില്‍ പിന്നീട് സിം കാര്‍ഡ് ഉപയോഗിക്കാനാവില്ല. തട്ടിപ്പില്‍ ഉള്‍പ്പെട്ട 16.97 ലക്ഷം വാട്‌സാപ് അക്കൗണ്ടുകളും 17 ലക്ഷം മണി വാലറ്റുകളും വിലക്കിയിട്ടുണ്ട്.

കൂടാതെ സിം കാര്‍ഡുകള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ നല്‍കിയതിന്റെ പേരില്‍ രാജ്യമാകെ 72,390 കച്ചവടക്കാരെ (പോയിന്റ് ഓഫ് സെയില്‍) കരിമ്പട്ടികയിലും ഉള്‍പ്പെടുത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam