ന്യൂഡെല്‍ഹി: 2026 ല്‍ രാജ്യസഭയില്‍ നിന്ന് വിരമിക്കുക കേന്ദ്ര മന്ത്രിമാരടക്കം 75 നേതാക്കള്‍. മോദി മന്ത്രിസഭയില്‍ സുപ്രധാന പുനഃസംഘടനയും ഇതോടെ നടക്കും. രാജ്യസഭയിലെ 75 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ഏപ്രില്‍, ജൂണ്‍, നവംബര്‍ മാസങ്ങളില്‍ നടക്കും. സഭയില്‍ ആകെയുള്ള 245 സീറ്റുകളില്‍ നിലവില്‍ എന്‍ഡിഎയ്ക്ക് 129 സീറ്റുകളും പ്രതിപക്ഷത്തിന് 78 സീറ്റുകളുമാണുള്ളത്.
രാജ്യസഭയില്‍ നിന്ന് വിരമിക്കുന്നവരില്‍ പ്രമുഖന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ്. രാജ്യസഭാ പ്രതിപക്ഷ നേതാവായ അദ്ദേഹത്തിന്റെ അംഗത്വ കാലാവധി 2026 ജൂണ്‍ 25 ന് അവസാനിക്കും. ഖാര്‍ഗെയെ കര്‍ണാടകയില്‍ നിന്നു തന്നെ കോണ്‍ഗ്രസ് വീണ്ടും സഭയില്‍ എത്തിച്ചേക്കും. കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗമായ മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയും ഇതേ ദിവസം തന്നെ വിരമിക്കും.
മോദി മന്ത്രിസഭയിലെ മന്ത്രിമാരായ ഹര്‍ദീപ് സിംഗ് പുരി, ബിഎല്‍ വര്‍മ്മ എന്നിവര്‍ 2026 നവംബര്‍ 25 ന് വിരമിക്കും. മധ്യപ്രദേശില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മലയാളിയായ കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ 2026 ജൂണ്‍ 21 നാണ് വിരമിക്കുക. അതേദിവസം തന്നെ കോണ്‍ഗ്രസില്‍ നിന്നെത്തി കേന്ദ്ര മന്ത്രിയായ രവ്നീത് സിംഗ് ബിട്ടുവും വിരമിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ സിംഗും അതേ ദിവസം തന്നെ വിരമിക്കുന്നു.
2026 ഏപ്രിലില്‍ മഹാരാഷ്ട്രയില്‍ ഏഴ് സീറ്റുകള്‍ ഒഴിവുവരും. മുതിര്‍ന്ന നേതാവ് ശരദ് പവാര്‍ (എന്‍സിപി-എസ്പി), പ്രിയങ്ക ചതുര്‍വേദി (ശിവസേന യുബിടി), കേന്ദ്രമന്ത്രി രാംദാസ് അഠാവ്‌ലെ തുടങ്ങിയ പ്രമുഖ നേതാക്കളുടെ കാലാവധി അവസാനിക്കും.
ജാര്‍ഖണ്ഡില്‍ നിന്നുള്ള ജെഎംഎമ്മിന്റെ സ്ഥാപക അംഗമായ ഷിബു സോറന്‍, ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ശക്തിസിങ് ഗോഹില്‍ എന്നിവരും 2026 ജൂണില്‍ വിരമിക്കും.
തെലങ്കാനയില്‍ നിന്ന് കോണ്‍ഗ്രസ് രാജ്യസഭയിലെത്തിച്ച മുതിര്‍ന്ന അഭിഭാഷകനും നേതാവുമായ അഭിഷേക് മനു സിംഗ്വി 2026 ഏപ്രിലില്‍ വിരമിക്കും. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിഹാറില്‍ നിന്ന് വിരമിക്കുന്നവരില്‍ ഡെപ്യൂട്ടി രാജ്യസഭാ ചെയര്‍മാന്‍ ഹരിവംശ്, ആര്‍ജെഡി നേതാക്കളായ എ ഡി സിംഗ്, പ്രേം ചന്ദ്ര ഗുപ്ത, മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ എന്നിവര്‍ ഉള്‍പ്പെടുന്നു.
പശ്ചിമ ബംഗാളില്‍ സാകേത് ഗോഖലെ ഉള്‍പ്പെടെ അഞ്ച് അംഗങ്ങള്‍ വിരമിക്കും. മുന്‍ ഡെപ്യൂട്ടി ലോക്സഭാ സ്പീക്കര്‍ തമ്പി ദുരൈ, തിരുച്ചി ശിവ എന്നിവരുള്‍പ്പെടെ തമിഴ്നാട്ടില്‍ നിന്നുള്ള ആറ് നേതാക്കള്‍ 2026 ഏപ്രിലില്‍ കാലാവധി പൂര്‍ത്തിയാക്കും.
രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്ത ക്വാട്ടയില്‍ നിന്നുള്ള ഏക വിരമിക്കല്‍ ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെതാണ്. അദ്ദേഹത്തിന്റെ കാലാവധി 2026 മാര്‍ച്ചില്‍ അവസാനിക്കും. 245 അംഗങ്ങളില്‍ 12 പേരെയാണ് രാഷ്ട്രപതി നേരിട്ട് നാമനിര്‍ദേശം ചെയ്യുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്