അഹമ്മദാബാദ്: എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ അന്വേഷണം നടത്തുന്ന എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോക്കെതിരെ വക്കീല്‍ നോട്ടീസ്. പൈലറ്റുമാരുടെ ദേശീയ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്‌സ് (എഫ്ഐപി)ആണ് നോടീസ് അയച്ചത്.
അപകടത്തില്‍ മരിച്ച പൈലറ്റ് ക്യാപ്റ്റന്‍ സുമീത് സബര്‍വാളിന്റെ മരുമകന്‍ വരുണ്‍ ആനന്ദിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയിരുന്നു. ഇതോടെയാണ് പൈലറ്റുമാരുടെ സംഘടന വക്കീല്‍ നോട്ടീസ് അയച്ചത്. വരുണ്‍ ആനന്ദും എയര്‍ ഇന്ത്യയില്‍ പൈലറ്റാണ്. വരുണ്‍ ആനന്ദ് ഒരു സാങ്കേതിക വിദഗ്ധനോ സംഭവത്തിന്റെ സാക്ഷിയോ അല്ലെന്നും ബോയിംഗ് 787 വിമാനവുമായി ബന്ധമില്ലെന്നും സംഘടന പറയുന്നു.
അദ്ദേഹം ആ വിമാനം പറത്തുന്ന പൈലറ്റും അല്ലെന്നിരിക്കെ വരുണിന്റെ കുടുംബത്തെ മാനസികമായി പീഡിപ്പിക്കാനാണ് അദ്ദേഹത്തെ അന്വേഷണ സംഘം വിളിച്ചു വരുത്തിയിരിക്കുന്നതെന്ന് എഫ്ഐപി ആരോപിച്ചു. അപകടത്തിന്റെ ഉത്തരവാദിത്തം പൈലറ്റില്‍ മാത്രം കെട്ടിവെക്കാനുള്ള മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണിതെന്ന് എഫ്ഐപി ലീഗല്‍ നോട്ടീസില്‍ ആരോപിക്കുന്നു. അന്വേഷണം സുതാര്യമല്ലെന്ന് ആരോപിച്ച് എഫ്ഐപിയും സുമീത് സബര്‍വാളിന്റെ പിതാവ് പുഷ്‌കര്‍ രാജ് സബര്‍വാളും നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
മാത്രമല്ല മരിച്ച പൈലറ്റിന്റെ വീട്ടില്‍ അനുശോചനം അറിയിക്കാനെന്ന വ്യാജേന എത്തി കുടുംബത്തെ മാനസികമായി തളര്‍ത്തി എന്ന ആരോപണവും പൈലറ്റുമാരുടെ സംഘടന അന്വേഷണ ഏജന്‍സിക്ക് നേരെ ഉയര്‍ത്തുന്നുണ്ട്. 2025 ഓഗസ്റ്റിലാണ് സംഭവം. അന്വേഷണ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പൈലറ്റ് മനപൂര്‍വം വിമാനം തകര്‍ത്തതാണെന്ന രീതിയില്‍ കുടുംബത്തോട് സംസാരിച്ചു എന്നാണ് എഫ്ഐപിയുടെ ആരോപണം.
വിമാനം പറന്നുയര്‍ന്ന ഉടന്‍ എന്‍ജിനുകളിലേക്കുള്ള ഇന്ധനം നിലച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കോക്പിറ്റിലെ വോയ്‌സ് റെക്കോര്‍ഡര്‍ വിവരങ്ങള്‍ പ്രകാരം പൈലറ്റുമാര്‍ തമ്മില്‍ ഇന്ധനം നിലച്ചതിനെക്കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിലും അത് പൈലറ്റ് മനപൂര്‍വ്വം ചെയ്തതാണെന്ന തരത്തില്‍ വിവരങ്ങള്‍ ചോര്‍ന്നത് ദുരൂഹമാണെന്നും എഫ്ഐപി പറയുന്നു.
അന്വേഷണ ഏജന്‍സിയായ എഎഐബിയില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും അതിനാല്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുമാണ് പൈലറ്റുമാരുടെ ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
