തിരുവനന്തപുരം: എസ്.ഐ.ആർ നടപടികളുടെ ഭാഗമായി പുറത്തിറക്കിയ കരട് വോട്ടർ പട്ടികയിൽ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കറുടെയും കുടുംബാംഗങ്ങളുടെയും പേരുകൾ ഉൾപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ട്. മുൻപ് വോട്ടർ പട്ടികയിൽ ഉണ്ടായിരുന്ന പേരുകൾ 2002 ലെ പട്ടികയുമായി സ്ഥിരീകരിക്കാൻ കഴിയാതിരുന്നതിനാലാണ് ഒഴിവാക്കിയതെന്നാണ് നൽകുന്ന വിശദീകരണം.
ഇതിനെ തുടർന്ന് പുതുതായി പേര് ചേർക്കുന്നതിനായി ഡോ. രത്തൻ ഖേൽക്കർ ഫോം 6 പ്രകാരം അപേക്ഷ നൽകി. ആവശ്യമായ രേഖകളുമായി അദ്ദേഹം നേരിട്ട് കവടിയാറിലെ ബി.എൽ.ഒയ്ക്ക് മുമ്പാകെ ഹാജരായി. അദ്ദേഹത്തോടൊപ്പം ഭാര്യ ദീപാ സമ്പത്ത്, മകൻ ദേവിക് എന്നിവരുടെയും പേരുകൾ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ബി.എൽ.ഒ അർഷാദ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഇതനുസരിച്ചാണ് രേഖകൾ കൈമാറിയത്. മകൻ നിലവിൽ വിദേശത്തായതിനാൽ അദ്ദേഹത്തിന്റെ രേഖകളും രത്തൻ ഖേൽക്കർ തന്നെയാണ് സമർപ്പിച്ചത്.
2002ൽ ബംഗളൂരുവിൽ താമസിച്ചിരുന്നതിനാൽ ആ വർഷം വോട്ടർ പട്ടികയിൽ തന്റെ പേര് ഉൾപ്പെടുത്താൻ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മാതാപിതാക്കളുടെ പേരുകളും 2002 ലെ എസ്.ഐ.ആർ വോട്ടർ പട്ടികയിൽ കണ്ടെത്താൻ കഴിയാതിരുന്നതിനാലാണ് ഇപ്പോഴത്തെ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതെന്നും ആണ് വിശദീകരണം.
ഫെബ്രുവരി 21ന് പുറത്തിറക്കുന്ന അന്തിമ വോട്ടർ പട്ടികയിൽ അർഹരായ എല്ലാ വോട്ടർമാരെയും ഉൾപ്പെടുത്താൻ പരമാവധി ശ്രമം നടത്തുന്നതായി രത്തൻ ഖേൽക്കർ പറഞ്ഞു. പരാതികൾ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 22 ആണെന്നും, ഇത് നീട്ടണമെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെടുക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
