ന്യൂയോര്‍ക്ക്: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളെ സൈന്യത്തില്‍ നിന്ന് വിലക്കിയ ട്രംപിന്റെ നടപടി തടഞ്ഞിരിക്കുന്നത് ഫെഡറല്‍ കോടതി. യുഎസ് ഫെഡറല്‍ കോടതി ട്രംപ് സര്‍ക്കാരിന്റെ ഉത്തരവ് സസ്‌പെന്‍ഡ് ചെയ്തതിനോടൊപ്പം തന്നെ ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ നടത്തി. എല്ലാ മനുഷ്യരും തുല്യരാണെന്ന് നിരീക്ഷണത്തോടെയാണ് ട്രംപിന്റെ ഉത്തരവ് കോടതി റദ്ദാക്കിയിരിക്കുന്നത്.
നിരോധനം ട്രാന്‍സ്ജെന്‍ഡര്‍ സൈനികരുടെ ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും വിധി പുറപ്പെടുവിച്ച യുഎസ് ജില്ലാ ജഡ്ജി അന സി. റെയ്സി വ്യക്തമാക്കി. ഇത് വലിയ രീതിയിലുള്ള പൊതു ചര്‍ച്ചയ്ക്കും അപ്പീലുകള്‍ക്കും കാരണമാകുമെന്ന് കോടതിക്ക് അറിയാം. ആരോഗ്യകരമായ ഒരു ജനാധിപത്യത്തിന് ഇത് രണ്ടും നല്ലതാണെന്ന് കോടതി വ്യക്തമാക്കി.
ജനുവരി അവസാനമാണ് ട്രാന്‍സ്‌ജെന്‍ഡര്‍മാരെ രാജ്യത്തിന്റെ സൈനിക സേവനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് സംബന്ധിച്ച ഉത്തരവില്‍ ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ടത്. ആണും പെണ്ണും എന്നീ രണ്ട് വിഭാഗങ്ങള്‍ മാത്രമേയുള്ളുവെന്ന് ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ ജോലിയില്‍ നിന്ന് പിരിച്ച് വിടാനുള്ള നീക്കവും അമേരിക്ക ആരംഭിച്ചിരുന്നു. ഉത്തരവ് പൂര്‍ണ്ണമായി നടപ്പാക്കുകയാണെങ്കില്‍ 15000 ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികര്‍ പുറത്താക്കപ്പെടുമെന്നാണ് ആക്ടിവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്.
സൈന്യത്തിലെ ട്രാന്‍സ്ജന്‍ഡറുകളെ തിരിച്ചറിയാന്‍ 30 ദിവസത്തിനുള്ളില്‍ നടപടിക്രമം ഉണ്ടാക്കുമെന്നും ഉടന്‍ തന്നെ ഇവരെ പിരിച്ചു വിട്ടേക്കുമെന്ന അഭ്യൂഹവും ഉത്തരവ് പിന്നാലെ ശക്തമായിരുന്നു. എന്നാല്‍ മികച്ച യുദ്ധശേഷിയുള്ളവരെ സര്‍ക്കാറിന് താല്‍പര്യമുണ്ടെങ്കില്‍ സേനയില്‍ നിലനിര്‍ത്താമെന്ന ഇളവ് പിന്നീട് അനുവദിക്കപ്പെട്ടു. പിരിച്ചു വിടപ്പെടാതിരിക്കാന്‍ തുടര്‍ച്ചയായി 3 വര്‍ഷം ലിംഗപരമായ സ്ഥിരത പുലര്‍ത്തണമെന്നും ഉത്തരവില്‍ പറയുന്നു.
ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് സൈന്യത്തില്‍ ചേരുന്നതിനുള്ള വിലക്ക് 2016 ല്‍ അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമയാണ് നീക്കിയത്. ഇതോടെ സൈന്യത്തിലേക്ക് ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍ നിന്നും വലിയ തോതില്‍ നിയമനങ്ങള്‍ നടന്നു. എന്നാല്‍ 2019 ല്‍ ആദ്യമായി അധികാരത്തില്‍ വന്ന ട്രംപ് ഭരണകൂടം ഇതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സൈന്യത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് അന്ന് തന്നെ ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 2021 ല്‍ ജോ ബൈഡന്‍ ഈ നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുകയും യോഗ്യതയുള്ള എല്ലാ അമേരിക്കക്കാര്‍ക്കും രാജ്യത്തെ സേവിക്കാനുള്ള അവസരം ഉറപ്പ് വരുത്തുമെന്നും വ്യക്തമാക്കുകയുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്