വാഷിംഗ്ടണ്‍: റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ 30 ദിവസത്തെ പരിമിതമായ വെടിനിര്‍ത്തല്‍ നടപ്പിലാക്കാനായി പ്രവര്‍ത്തിക്കാന്‍ ചൊവ്വാഴ്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും നടത്തിയ ചര്‍ച്ചയില്‍ ധാരണയായതായി വൈറ്റ് ഹൗസ് പറഞ്ഞു. ടെലിഫോണ്‍ മുഖേനയാണ് ഇരു നേതാക്കളും ചര്‍ച്ച നടത്തിയത്.
കരിങ്കടല്‍ സമുദ്രത്തിലെ വെടിനിര്‍ത്തലും സംഘര്‍ഷത്തിന് ശാശ്വതമായ അന്ത്യവും ലക്ഷ്യമിട്ട് സമാധാനത്തിലേക്കുള്ള ആദ്യപടിയാണിതെന്ന് വൈറ്റ് ഹൗസ് വിശേഷിപ്പിച്ചു. ഈ നടപടികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മിഡില്‍ ഈസ്റ്റില്‍ ഉടന്‍ ആരംഭിക്കും എന്നും വൈറ്റ് ഹൗസ് പറഞ്ഞു.
''ഈ സംഘര്‍ഷം ശാശ്വത സമാധാനത്തോടെ അവസാനിക്കണമെന്ന് ഇരു നേതാക്കളും സമ്മതിച്ചു. ഈ യുദ്ധത്തില്‍ ഉക്രെയ്നും റഷ്യയും ചെലവഴിച്ചുകൊണ്ടിരിക്കുന്ന രക്തവും ധനവും അവരുടെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്നതാണ് നല്ലത്,' വൈറ്റ് ഹൗസ് പറഞ്ഞു.
സൗദി അറേബ്യയില്‍ യുഎസ് പ്രതിനിധി സംഘവുമായി അടുത്തിടെ നടന്ന ചര്‍ച്ചകളില്‍, കരിങ്കടല്‍, ദീര്‍ഘദൂര മിസൈല്‍ ആക്രമണങ്ങള്‍, തടവുകാരുടെ കൈമാറ്റം എന്നിവ ഉള്‍പ്പെടുന്ന പരിമിതമായ വെടിനിര്‍ത്തല്‍ ഉക്രെയ്ന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു.
സമുദ്രത്തിലെ വെടിനിര്‍ത്തലിനുള്ള ട്രംപിന്റെ നിര്‍ദ്ദേശത്തെ പുടിന്‍ സ്വാഗതം ചെയ്യുകയും അത്തരമൊരു കരാറിന്റെ പ്രത്യേക വിശദാംശങ്ങള്‍ കൂടുതല്‍ തയ്യാറാക്കുന്നതിനായി ചര്‍ച്ചകള്‍ ആരംഭിക്കാന്‍ സമ്മതിക്കുകയും ചെയ്‌തെന്ന് ക്രെംലിന്‍ പ്രതികരിച്ചു.
ബുധനാഴ്ച റഷ്യയും ഉക്രെയ്‌നും 175 യുദ്ധത്തടവുകാരെ കൈമാറാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് പുടിന്‍ ട്രംപിനെ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ 23 ഉക്രേനിയന്‍ സൈനികരെ കൈമാറാനും റഷ്യ സമ്മതിച്ചതായി ക്രെംലിന്‍ പറഞ്ഞു.
ഉക്രെയ്നിനുള്ള സൈനിക, ഇന്റലിജന്‍സ് പിന്തുണ നിര്‍ത്തലാക്കണമെന്ന് പുടിന്‍ ട്രംപിനോട് ആവശ്യപ്പെട്ടതായി ക്രെംലിന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്