അമ്മേ നാരായണ ദേവി നാരായണ മന്ത്ര മുഖരിതമായ അന്തരീക്ഷത്തിൽ ഭക്തജനങ്ങൾ പത്താമത് ഗീതാമണ്ഡലം പൊങ്കാല മഹോത്സവം ഈ കഴിഞ്ഞ ശനിയാഴ്ച്ച വിപുലമായി ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ ആഘോഷിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി, പൊങ്കാല വൃതശുദ്ധി കാത്തുകൊണ്ടും, ദേവി നാമ ജപങ്ങൾ ഉരുക്കഴിച്ചു കൊണ്ടുമാണ് ഓരോ ഭക്തരും പൊങ്കാലക്കായി മാനസികമായി തയ്യാറായത്. തുടർന്ന് ശനിയാഴ്ച്ച ക്ഷേത്രത്തിൽ എത്തിച്ചേർന്ന ഭക്തജനങ്ങൾ ലളിത സഹസ്രനാമം പാരായണം ചെയ്ത് ആദിപരാശക്തിയിൽ നിന്നും പൊങ്കാല ഇടുവാനുള്ള അനുവാദം വാങ്ങി. ഈ വർഷത്തെ പൊങ്കാല മഹോത്സവം ആരംഭിച്ചത്, മഹാഗണപതിക്ക് വസ്ത്രാദി ഉപഹാരങ്ങൾ സമർപ്പിച്ച്, ജലഗന്ധപുഷ്പധൂപ ദീപാന്തം പൂജിച്ച്, അർഘ്യം നല്കിയശേഷം ഗണപതി അഥർവോപനിഷത്ത് മന്ത്രം ചൊല്ലി പുഷ്പാഭിഷേകവും അഷ്ടോത്തര അർച്ചനയും ദീപാരാധനയും നടത്തിയ ശേഷം ആയിരുന്നു.
തുടർന്ന് ദേവിയെ ആവാഹനം ചെയ്ത് വേദമന്ത്ര ധ്വനികളാലും ശ്രീസുക്ത മന്ത്രത്താലും, ശ്രീ പരമേശ്വരി മന്ത്രജപത്താലും അന്നപൂർണേശ്വേരിയെ സംപ്രീതയാക്കി പൊങ്കാല ഇടുവാനുള്ള അനുവാദം വാങ്ങി. തുടർന്ന് മുഖ്യപുരോഹിതൻ, ദേവിയിൽനിന്നും അഗ്നി സ്വീകരിച്ച്, പ്രത്യേകം തയാറാക്കിയ പണ്ടാരഅടുപ്പിലും തുടർന്ന് വേദിയിലേ മറ്റ് പൊങ്കാല അടുപ്പുകളിലേക്കും അഗ്നി പകർന്നു. പിന്നീട് പൊങ്കാലക്കായി തയ്യാറാക്കിയ മഹാപ്രസാദം, പ്രധാന പുരോഹിതൻ ദേവിക്ക് നിവേദ്യമായി അർപ്പിച്ചു. തുടർന്ന് അഷ്ടോത്തര അർച്ചനയും, ചതുർവേദ മന്ത്രാഭിഷേകവും മന്ത്ര പുഷ്പ സമർപ്പണവും ദീപാരാധനയും നടന്നു.
പൊങ്കാലയിൽ നാം കാണുന്നത് പ്രപഞ്ച തത്വമാണ്. പ്രപഞ്ചത്തിന്റെ പ്രതീകമായ മൺകലം ശരീരമായി സങ്കല്പ്പിച്ച് അതിൽ അരിയാകുന്ന ബോധം തിളച്ച് അതിലെ അഹംബോധം നശിക്കുകയും ശർക്കരയാകുന്ന പരമാനന്ദത്തിൽ ചേർന്ന് ആത്മസാക്ഷാത്കാരത്തിന്റെ പായസമായി മാറുന്നു എന്ന സനാതന സത്യമാണ് ഇതിലൂടെ വിളിച്ചറിയിക്കുന്നത് എന്ന് ഷിക്കാഗോ ഗീതാമണ്ഡലം അധ്യക്ഷൻ തന്റെ പൊങ്കാല സന്ദേശത്തിൽ പറഞ്ഞു. പൊങ്കാലയിൽ പങ്കെടുക്കുവാൻ വർഷം തോറും ഉയർന്നു വരുന്ന ഭക്തജന പങ്കാളിത്തം, ലോകത്തിലുള്ള എല്ലാ ഹൈന്ദവ സംഘടനകൾക്കും മാതൃകയായി പ്രവർത്തിക്കുന്ന ഷിക്കാഗോ ഗീതാമണ്ഡലത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ആണ് എന്ന് പി.ആർ.ഒ പ്രജീഷ് ഇരുത്തറമേൽ അഭിപ്രായപ്പെട്ടു.
ഈ വർഷത്തെ പൊങ്കാല മഹോത്സവത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച കൃഷ്ണൻ ചെങ്ങണാം പറമ്പിലിനും, മുഖ്യ പരികർമ്മി രവി ദിവാകരൻ ജിക്കും, മറ്റ് പ്രവർത്തകർക്കും പൊങ്കാല ഉത്സവത്തിൽ പങ്കെടുത്ത എല്ലാ ഭക്തജനങ്ങൾക്കും, സ്റ്റിൽ ഫോട്ടോഗ്രാഫർ ആയ വികാസ് വേണുഗോപാലിനും പ്രധാന സ്പോൺസർ ആയ ഡോക്ടർ ആശാ വിജയകുമാറിനും, ഗീതാ മണ്ഡലം ജനറൽ സെക്രട്ടറി ബൈജു മേനോൻ നന്ദി രേഖപ്പെടുത്തി. മഹാപ്രസാദ വിതരണത്തോടെ ഇരുപത്തിഅഞ്ചിലെ പൊങ്കാല ഉത്സവങ്ങൾക്ക് പരിസമാപ്തിയായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്