ട്രംപിന്റെ സാമ്പത്തിക നയം: നിലംപൊത്തി യുഎസ് ഡോളര്‍; ഓഹരികളില്‍ ആശങ്ക

JUNE 30, 2025, 10:36 PM

ന്യൂയോര്‍ക്ക്: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാമ്പത്തിക നയത്തെ തുടര്‍ന്ന് 4 വര്‍ഷത്തെ താഴ്ചയിലേക്ക് യുഎസ് ഡോളര്‍ കൂപ്പ് കുത്തിയതായി റിപ്പോര്‍ട്ട്. യൂറോ, യെന്‍, പൗണ്ട്, സ്വിസ് ഫ്രാങ്ക് തുടങ്ങി 6 മുന്‍നിര കറന്‍സികള്‍ക്കെതിരായ യുഎസ് ഡോളര്‍ ഇന്‍ഡക്സ് 96.76 നിലവാരത്തിലേക്ക് ഇടിഞ്ഞു. ട്രംപ് യുഎസ് പ്രസിഡന്റായി വീണ്ടും അധികാരമേല്‍ക്കുമ്പോള്‍ 110 ന് അടുത്തായിരുന്നു മൂല്യം. 

ജനുവരി-ജൂണ്‍ കാലയളവില്‍ മാത്രം ഡോളര്‍ നേരിട്ട ഇടിവ് 10.4 ശതമാനമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. യുഎസ് ഡോളറിനെതിരെ ബ്രിട്ടീഷ് പൗണ്ട് 2021 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന 1.17 ഡോളറിലെത്തി. യുഎസ്-യുകെ വ്യാപാര ഡീല്‍ പൗണ്ടിന് കരുത്തായി. 

അതേസമയം 1973 ന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഇതിനെ വിലയിരുത്തുന്നത്. ലോക സാമ്പത്തിക മേഖലയെ ആകെ ഉലച്ച ട്രംപിന്റെ പകരം തീരുവ നയമാണ് പ്രധാനമായും വിനയായതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയും ചൈനയും ഉള്‍പ്പെടെ പ്രമുഖ രാജ്യങ്ങള്‍ ഡോളറിനെ കൈവിടുകയും സ്വന്തം കറന്‍സി ഉപയോഗിച്ചുള്ള രാജ്യാന്തര വ്യാപാര ഇടപാടുകള്‍ക്ക് മുതിരുകയും ചെയ്തത് ഡോളറിനെ പിന്നോട്ടുനയിച്ചു. ട്രംപിന്റെ പ്രവചനാതീതമായ പല തീരുമാനങ്ങളും സൃഷ്ടിക്കുന്ന അനിശ്ചിതത്വം കറന്‍സി വിപണിയില്‍ സൃഷ്ടിക്കുന്ന അസ്ഥിരതയാണ് രാജ്യങ്ങളെ ഈ തീരുമാനത്തിലേക്ക് എത്തിച്ചത്.

 ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുള്‍ നികുതി ബില്‍' ആണ് മറ്റൊരു തിരിച്ചടി. നിലവില്‍ത്തന്നെ 30 ട്രില്യന്‍ ഡോളറിലേറെ കടബാധ്യതയുള്ള യുഎസിന് അധികമായി 5 ട്രില്യന്‍വരെ അധികകടം വരുത്തിവച്ചേക്കുന്ന ബില്ലാണിതെന്ന വിമര്‍ശനം സ്വന്തം പാര്‍ട്ടിയില്‍ത്തന്നെയുണ്ട്. കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനും ചെയര്‍മാന്‍ ജെറോം പവലിന്റെ പകരക്കാരനെ അദ്ദേഹത്തെ പ്രവര്‍ത്തന കാലാവധി തീരുംമുമ്പേ പ്രഖ്യാപിക്കാനുള്ള ട്രംപിന്റെ നീക്കവും യുഎസ് സമ്പദ്വ്യവസ്ഥയ്ക്കുമേല്‍ കരിനിഴലാകുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പലിശ നിരക്ക് കുറയുന്നത് യുഎസ് ഗവണ്‍മെന്റിന്റെ കടപ്പത്ര ആദായനിരക്ക് , ബാങ്ക് നിക്ഷേപ പലിശ എന്നിവ കുറയാനിടയാക്കും. ഇതും ഡോളറിനെ കൂടുതല്‍ ദുര്‍ബലമാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മാത്രമല്ല കഴിഞ്ഞ ഏപ്രില്‍ രണ്ടിന് പ്രാബല്യത്തില്‍ വരുന്നവിധം പ്രഖ്യാപിച്ച പകരച്ചുങ്കം ട്രംപ് മൂന്നുമാസത്തേക്ക് മരവിപ്പിച്ചിരുന്നു. ജൂലൈ 9 വരെയാണ് ഇത്. യുഎസുമായി നിരവധി രാജ്യങ്ങള്‍ സമവായത്തിനു ശ്രമിക്കുന്നുണ്ടെന്നും വഴങ്ങാത്ത രാജ്യങ്ങള്‍ക്കുമേല്‍ ജൂലൈ 9 മുതല്‍ പകരച്ചുങ്കം ഈടാക്കുമെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പറഞ്ഞത് ഓഹരി വിപണികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. 

യുഎസില്‍ ഡൗ ജോണ്‍സ് ഫ്യൂച്ചേഴ്സ് 0.1%, എസ് ആന്‍ഡ് പി500 ഫ്യൂച്ചേഴ്സ് 0.06%, നാസ്ഡാക് 100 ഫ്യൂച്ചേഴ്സ് 0.05% എന്നിങ്ങനെ താഴ്ന്നു. യൂറോപ്പില്‍ എഫ്ടിഎസ്ഇ 0.43% താഴെപ്പോയി. ജാപ്പനീസ് നിക്കേയ് 1.11%, ഹോങ്കോങ് 0.87% എന്നിങ്ങനെയും ഇടിഞ്ഞു. ഇത് ഇന്ത്യന്‍ ഓഹരി വിപണികളെയും സ്വാധീനിച്ചേക്കും.

ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്കെതിരെ അമേരിക്കന്‍ ട്രംപ് പുതിയ താരിഫുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഡോളറിന്റെയും ഇക്വിറ്റി മാര്‍ക്കറ്റുകളുടെയും മൂല്യം ഇടിഞ്ഞിരുന്നു. യൂറോയുമായുള്ള വിനിമയത്തില്‍ ഡോളറിന്റെ മൂല്യം 2.6 ശതമാനം വരെ ഇടിഞ്ഞിരുന്നു. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് ഉണ്ടായത്. അന്ന് ടോക്കിയോയിലെ നിക്കി ഓഹരി സൂചികയ്ക്ക് നാല് ശതമാനത്തിലധികം തകര്‍ച്ചയുണ്ടായിരുന്നു. ഓട്ടോമൊബൈല്‍സ്, ആഡംബര, ബാങ്കിംഗ് മേഖലകളിലുള്‍പ്പെടെ വലിയ തിരിച്ചടി നേരിടേണ്ടി വന്നു. യൂറോപ്പില്‍ പാരീസ് ഓഹരി വിപണിയ്ക്കും നഷ്ടം ഉണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam