ചെന്നൈ: സര്‍വീസിലിരിക്കെ മരിച്ച സര്‍ക്കാര്‍ ജീവനക്കാരന്റെ ആനുകൂല്യങ്ങളില്‍ ഭാര്യക്കെന്ന പോലെ അമ്മയ്ക്കും അവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. മകനെ വാത്സല്യത്തോടെ വളര്‍ത്തി വലുതാക്കുകയും പഠിപ്പിച്ച് ജോലിക്ക് പ്രാപ്തനാക്കുകയും ചെയ്ത അമ്മയെ ഇക്കാര്യത്തില്‍ അവഗണിക്കാനാവില്ലെന്ന് ജസ്റ്റിസ് ഷമീം അഹമ്മദിന്റെ മധുരബെഞ്ച് വ്യക്തമാക്കി.
തൂത്തുക്കുടി ട്രഷറിയില്‍ അസിസ്റ്റന്റായിരുന്ന സി. മുരുകേശന്റെ അമ്മ കലയരസിയും ഭാര്യ തമിഴ്സെല്‍വിയും തമ്മിലുള്ള തര്‍ക്കത്തിന് തീര്‍പ്പുകല്പിച്ചുകൊണ്ടാണ് കോടതി വിധി. ഭിന്നശേഷിക്കാരനായ മുരുകേശന്‍ കോവിഡ് സമയത്താണ് മരിച്ചത്. ഗ്രാറ്റ്വിറ്റിയും പെന്‍ഷനും ഉള്‍പ്പെടെ മുരുകേശന്റെ മരണാനന്തരം ലഭിക്കേണ്ട ആനുകൂല്യങ്ങളില്‍ ഒരു പങ്ക് ഭാര്യക്ക് നല്‍കിയിരുന്നു. തനിക്കും അതില്‍ അവകാശമുണ്ടെന്ന് കാണിച്ച് അമ്മ ഹര്‍ജി നല്‍കിയത് കാരണം ബാക്കി പണം നല്‍കുന്നത് മുടങ്ങി. അതുകിട്ടണമെന്നാവശ്യപ്പെട്ട് തമിഴ്സെല്‍വി നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.
മുരുകേശന്‍ മരിച്ചതിന് ശേഷം മരുമകളുടെയും കൊച്ചുമക്കളുടെയും സംരക്ഷണച്ചുമതല ഏറ്റെടുത്തത് കലയരശിയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. മുതിര്‍ന്ന പൗരയായ അവരുടെ ഇനിയുള്ള ജീവിതത്തിന്റെ കാര്യം കൂടി പരിഗണിക്കേണ്ടതുണ്ട്. ആനുകൂല്യങ്ങളില്‍ ഒരു പങ്ക് ഇതിനകം തന്നെ തമിഴ്സെല്‍വി കൈപ്പറ്റിയിട്ടുണ്ട്. ഇതു പരിഗണിച്ച് മുരുകേശന്റെ കുടുംബത്തിന് ലഭിക്കാന്‍ ബാക്കിയുള്ള 15,25,277 രൂപയില്‍ 7,00,000 രൂപ അമ്മയ്ക്കും 8,25,277 രൂപ ഭാര്യക്കും നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്