ലക്‌നൗ: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച് നിലപാടറിയിക്കാന്‍ അലഹബാദ് ഹൈക്കോടതി തിങ്കളാഴ്ച കേന്ദ്രത്തിന് നാല് ആഴ്ച സമയം നല്‍കി. വിഷയത്തില്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രം എട്ട് ആഴ്ച സമയം ആവശ്യപ്പെട്ടിരുന്നു.
ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ എ ആര്‍ മസൂദി, അജയ് കുമാര്‍ ശ്രീവാസ്തവ എന്നിവരടങ്ങിയ ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ഏപ്രില്‍ 21 ന് അടുത്ത വാദം കേള്‍ക്കും. ഇതിന് മുന്‍പായി ലോക്സഭയിലെ പ്രതിപക്ഷ നേതാവിന്റെ പൗരത്വം സംബന്ധിച്ച് കേന്ദ്രം ഒരു സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്.
2019 ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ പരാതിയില്‍, ബ്രിട്ടീഷ് അധികാരികള്‍ക്ക് സമര്‍പ്പിച്ച രേഖകളില്‍ രാഹുല്‍ ഗാന്ധി സ്വയം ബ്രിട്ടീഷ് പൗരനാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സ്വാമി ആരോപിച്ചു. ഇത് ഇന്ത്യന്‍ ഭരണഘടനയും പൗരത്വ നിയമവും ലംഘിക്കുന്നതാണെന്നും ബ്രിട്ടീഷ് പാസ്പോര്‍ട്ട് കൈവശം വയ്ക്കുന്നതിന് തുല്യമാണെന്നും സ്വാമി വാദിച്ചു.
ബ്രിട്ടീഷ് പൗരത്വം സംബന്ധിച്ച് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് സ്വാമി കോടതിയെ അറിയിച്ചു. ഇതുവരെ അദ്ദേഹം മറുപടി നല്‍കിയില്ല, സര്‍ക്കാര്‍ തുടര്‍നടപടികളൊന്നും സ്വീകരിച്ചിട്ടുമില്ല.
തുടര്‍ന്ന് സ്വാമിയുടെ ഹര്‍ജിയുടെയും മന്ത്രാലയത്തിന് സമര്‍പ്പിച്ച നിവേദനത്തിന്റെയും സ്ഥിതി അറിയിക്കാന്‍ കോടതി കേന്ദ്രത്തിന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്