ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, എല്ലാ വർഷവും ദശലക്ഷക്കണക്കിന് ആളുകളെ ഡിമെൻഷ്യ ബാധിക്കുന്നു. 2021 ൽ 57 ദശലക്ഷം ആളുകൾ ഡിമെൻഷ്യ ബാധിതരാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അതിനുശേഷം എല്ലാ വർഷവും 10 ദശലക്ഷം പുതിയ ഡിമെൻഷ്യ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു.
വാസ്കുലർ ഡിമെൻഷ്യ, അൽഷിമേഴ്‌സ് എന്നിവയുൾപ്പെടെ വിവിധ തരം ഡിമെൻഷ്യകളുണ്ട്. അടുത്തിടെ, ബെംഗളൂരുവിലെ ഒരു പ്രശസ്ത ന്യൂറോ സർജൻ ഡിമെൻഷ്യ കാലുകളിൽ ആരംഭിക്കാമെന്ന് പറഞ്ഞത് വലിയ ചർച്ചയ്ക്ക് തുടക്കമിട്ടു. ബെംഗളൂരുവിലെ സാഗർ ആശുപത്രിയിലെ ചീഫ് ന്യൂറോ സർജനായ ഡോ. അരുൺ എൽ നായിക്കാണ് കാലുകളും ഡിമൻഷ്യയും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമായി സംസാരിച്ചത്. അത് ആ ഡോക്ടർ വെറുതെ പറഞ്ഞതല്ല, കാലിലെ പേശികളും തലച്ചോറും തമ്മിൽ അത്രയും വലിയ ബന്ധമാണ് ഉള്ളത്.
ശരീരം വേണ്ടത്ര ചലിക്കാതെ ഇരുന്നാൽ അത് കാലുകളിലെ പേശികളെ ബാധിക്കും. പ്രായം കൂടുന്നതിന് അനുസരിച്ച് മസിൽ മാസ് നഷ്ടപ്പെടുന്ന സാർകോപീനിയ എന്ന കണ്ടീഷനിലേക്ക് ഇത് ശരീരത്തെ നയിക്കും. ഈ കണ്ടീഷൻ ഓർമശക്തി, ചിന്താശേഷി തുടങ്ങിയ കോഗിനിറ്റീവ് പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ഡോ. അരുൺ പറയുന്നു.
'മസിൽസ് ആക്ടീവായിരിക്കുമ്പോൾ റിലീസ് ചെയ്യുന്ന കെമിക്കൽസ് തലച്ചോറിന്റെ ആരോഗ്യത്തിന് നിർണായകമാണ്. ബിഡിഎൻഎഫ് (ബ്രെയ്ൻ-ഡിറൈവ്ഡ് ന്യൂറോത്രോഫിക് ഫാക്ടേഴ്‌സ്) ആണ് അതിന്റെ ഏറ്റവും വലിയ ഉദാഹരണം. തലച്ചോറിൽ ഓർമയുമായി ബന്ധപ്പെട്ട ഹിപ്പോകാംപസ് എന്ന ഭാഗത്തെ ന്യൂറോൺസിന്റെ നിലനിൽപ്പിന് ബിഡിഎൻഎഫ് ആവശ്യമാണ്. അതുകൊണ്ട് നന്നായി നടക്കുക, കാലുകളുടെ ശക്തി സൂക്ഷിക്കുക. തലച്ചോറ് നിങ്ങളോട് നന്ദി പറയും,' ഡോ. അരുൺ എൽ നായിക് പറയുന്നു.
തലച്ചോറിലെയും നാഡീഘടനയിലെയും ഏകദേശം മുഴുവൻ ഭാഗങ്ങളും ചേർന്നാണ് നമ്മൾ ഓരോ ചുവടും വെക്കുന്നത്. ജേണൽ ഓഫ് ഏജിംഗ് റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വാർധക്യത്തിൽ വ്യായാമോ മറ്റ് ഫിസിക്കൽ ആക്ടിവിറ്റുകളോ ചെയ്യുന്നവരിൽ ഡിമൻഷ്യയുടെ സാധ്യത കുറയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. 1.6 ലക്ഷം പേരെ ഈ ഗവേഷണത്തിൽ പഠനവിധേയമാക്കിയിരുന്നു. കൃത്യമായി വ്യായാമം ചെയ്യുന്നവരിൽ ഡിമൻഷ്യ സാധ്യത 28 ശതമാനവും അൽഷിമേഴ്‌സിനുള്ള സാധ്യത 45 ശതമാനവും കുറയുന്നു എന്നാണ് കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്