ന്യൂസീലന്‍ഡില്‍ മലയാളത്തിന് വിലക്ക്; നഴ്‌സുമാര്‍ ഇംഗ്ലീഷില്‍ സംസാരിച്ചാല്‍ മതിയെന്ന് ആശുപത്രികള്‍

OCTOBER 29, 2024, 2:51 PM

വെല്ലിംഗ്ടണ്‍: ന്യൂസീലന്‍ഡിലെ മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ നഴ്‌സുമാരോട് ഇംഗ്ലീഷില്‍ സംസാരിച്ചാല്‍ മതിയെന്ന നിര്‍ദേശവുമായി ആശുപത്രി അധികൃതര്‍. പാമേസ്റ്റന്‍ നോര്‍ത്ത് ഹോസ്പിറ്റല്‍, വൈകറ്റോ തുടങ്ങിയ ആശുപത്രികളാണ് മലയാളത്തിന് വിലക്കേര്‍പ്പെടുത്തിയത്. പാമേസ്റ്റന്‍ നോര്‍ത്ത് ഹോസ്പിറ്റലിലെ എച്ച്ആര്‍ ഹെഡ് കെയൂര്‍ അഞ്ജാരിയ ഇന്ത്യന്‍ നഴ്‌സുമാരോട് ജോലിസ്ഥലത്ത് തങ്ങളുടെ ഭാഷ ഉപയോഗിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെന്ന് ദ ന്യൂസീലന്‍ഡ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മലയാളം സംസാരിക്കുന്ന നഴ്‌സുമാരോട് അനാദരവ് തോന്നുന്നു എന്ന രോഗിയുടെ പരാതിയെ തുടര്‍ന്നാണ് നിര്‍ദേശമെന്നാണ് റിപ്പോര്‍ട്ട്. ജോലി സ്ഥലത്ത് തങ്ങളുടെ സ്വന്തം ഭാഷ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന നിര്‍ദേശം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. എച്ച്ആര്‍ ഹെഡ്ഡിന്റെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വാട്‌സാപ്പ് ഓഡിയോ ഫയല്‍ മലയാളി സമൂഹത്തിലെ അംഗങ്ങള്‍ക്ക് ലഭിച്ചിരുന്നു. ആശുപത്രി പൊതു ഇടങ്ങളില്‍ എവിടെയും നഴ്‌സുമാര്‍ക്ക് പ്രാദേശിക ഭാഷയില്‍ സംസാരിക്കുന്നത് അനുവദനീയമല്ല എന്നാണ് നിര്‍ദേശം.

ഇംഗ്ലീഷില്‍ അല്ലാതെ മറ്റൊരു ഭാഷയിലും രോഗികളോട് സംസാരിക്കരുതെന്ന് വൈകറ്റോ ഹോസ്പിറ്റല്‍ നഴ്‌സുമാരോട് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഏപ്രിലില്‍ ക്രൈസ്റ്റ് ചര്‍ച്ച് ഹോസ്പിറ്റലിന്റെ തീവ്രപരിചരണ വിഭാഗത്തില്‍ സമാനമായ നിര്‍ദ്ദേശം പുറപ്പെടുവിച്ചതും ചര്‍ച്ചയായിരുന്നു. ആരോഗ്യവിഭാഗവും ഈ നിര്‍ദേശങ്ങളെ ന്യായീകരിക്കുകയാണ് ചെയ്തത്. എല്ലാ ക്ലിനിക്കല്‍ സംവിധാനങ്ങളിലും ഇംഗ്ലീഷ് ഉപയോഗിക്കുന്നതാണ് സുരക്ഷിതമെന്ന് ആരോഗ്യവിഭാഗം പറയുന്നു.

2023ലാണ് തന്നെ പരിചരിച്ച രണ്ട് നഴ്‌സുമാര്‍ പരസ്പരം മലയാളത്തില്‍ സംസാരിച്ചത് തന്നോടുള്ള അനാദരവാണെന്ന് രോഗി പരാതി പറഞ്ഞത്. ഒരേ വാര്‍ഡിലുള്ള ഇന്ത്യന്‍ നഴ്‌സുമാര്‍ ഭൂരിഭാഗവും പരസ്പരം സംസാരിക്കുന്നത് അവരുടെ സ്വന്തം ഭാഷകളിലാണെന്ന് നഴ്‌സിങ് ഹെഡ്ഡും പരാതി നല്‍കിയിരുന്നു.

''ജീവനക്കാരുടെ ഇടവേളകളില്‍ പോലും ഒരാളുടെ മാതൃഭാഷാ ഉപയോഗം നിയന്ത്രിക്കുന്നത് യുക്തിരഹിതമാണ്,'' ഒരു വ്യക്തി ഇ-മെയിലിലൂടെ പ്രതികരിച്ചു. ''ക്ലിപ്പ് വ്യാപകമായി പ്രചരിക്കപ്പെടുന്നു, ഇത് ഞങ്ങളുടെ കമ്മ്യൂണിറ്റിയിലെ നിരവധി അംഗങ്ങളെ, പ്രത്യേകിച്ച് വിദേശ നഴ്സുമാരുടെ മുന്നില്‍ ഞങ്ങളെ വിലകുറച്ചുകാണിക്കുന്നതാണ്'' - ഈ ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു. മലയാളി നഴ്‌സുമാരെ മാത്രം ലക്ഷ്യമിട്ടുള്ള നടപടി വിവേചനപരമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam