ടെൽഅവീവ് : ലെബനൻ വെടിനിർത്തലിന്റെ ഭാഗമായി ഇസ്രായേൽ സൈന്യം ഇന്ന് മുതൽ തെക്കൻ ലെബനനിൽ നിന്ന് പിൻവാങ്ങൽ ആരംഭിക്കും. അഞ്ച് തന്ത്രപ്രധാനമായ പോസ്റ്റുകളിൽ ഐഡിഎഫ് തങ്ങളുടെ സാന്നിധ്യം തുടരുമെന്ന് റിപ്പോർട്ടുണ്ട്. സമയപരിധി കഴിഞ്ഞും സൈന്യം തുടർന്നാൽ അത് അധിനിവേശമായി കണക്കാക്കുമെന്ന് ഹിസ്ബുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നവംബർ 27 ന് പ്രാബല്യത്തിൽ വന്ന യുഎസ് മധ്യസ്ഥതയിലുള്ള ലെബനൻ വെടിനിർത്തൽ കരാർ പ്രകാരം, ഇസ്രായേലിന് സൈനിക പിൻവാങ്ങൽ പൂർത്തിയാക്കാൻ 60 ദിവസത്തെ സമയം നൽകി. ഈ സമയത്തിനുള്ളിൽ ലെബനൻ സൈന്യം തെക്കൻ ലെബനന്റെ നിയന്ത്രണം കൈമാറണമെന്നും ഐഡിഎഫ് പിന്മാറണമെന്നും കരാർ വ്യവസ്ഥ ചെയ്തു.
ജനുവരി 26 ന് ഈ സമയപരിധി അവസാനിച്ചു. ലെബനൻ സർക്കാരിന്റെ നീക്കങ്ങൾ മന്ദഗതിയിലാണെന്നും സുരക്ഷാ ക്രമീകരണങ്ങളിൽ തൃപ്തരല്ലെന്നും വാദിച്ച ഇസ്രായേൽ, യുഎസിന്റെ അംഗീകാരത്തോടെ ഫെബ്രുവരി 18 വരെ സമയപരിധി നീട്ടി.
നീട്ടിയ സമയപരിധിക്കപ്പുറവും ലെബനനിലെ അഞ്ചുതന്ത്രപ്രധാനമായ പോസ്റ്റുകളിൽ ഐഡിഎഫ് സാന്നിധ്യം തുടരുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്. ഇസ്രയേൽ അതിർത്തി പട്ടണമായ ഷ്‌ലോമിക്ക് എതിർവശത്തുള്ള ലബനൻ കുന്നുകളിലെ അഞ്ചുപോസ്റ്റുകളിലാണ് സെെന്യം തുടരുക. ലിറ്റാനി നദിക്ക് അപ്പുറത്തേക്ക് ഹെസ്ബൊള്ള പൂർണ്ണമായി പിന്മാറുംവരെ അനിശ്ചിതകാലത്തേക്കാണ് സെെനിക വിന്യാസം.
ചൊവ്വാഴ്ചയ്ക്കുശേഷം ലബനനിൽ നിലയുറപ്പിക്കുന്ന സെെന്യത്തെ അധിനിവേശ സെെന്യമായി പരിഗണിക്കുമെന്ന് ഹെസ്ബൊള്ളയുടെ മുന്നറിയിപ്പുണ്ട്. ഇസ്രയേലിൻറെ സമ്പൂർണ്ണ പിന്മാറ്റത്തിന് സമ്മർദ്ദം ചെലുത്തണമെന്ന് പ്രസിഡൻ്റ് ജോസഫ് ഔണിനോട് ഹെസ്ബൊള്ള ആവശ്യപ്പെട്ടു. സെെന്യം പിന്മാറിയാലും, ഹെസ്ബൊള്ളയുടെ ഭീഷണികളോട് തിരിച്ചടിക്കുമെന്ന് ഇസ്രയേലും പറയുന്നു.
ഈ നിലയ്ക്ക്- ഇരുവിഭാഗവും അംഗീകരിക്കുന്ന മറ്റുസാധ്യതകളും പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇസ്രയേൽ സെെന്യത്തിന് പകരം, സ്വന്തം സെെന്യത്തെ അതിർത്തികളിൽ വിന്യസിക്കാൻ ഫ്രാൻസ് സന്നദ്ധയറിയിച്ചിട്ടുണ്ട്. ഫ്രഞ്ചുസെെന്യമടങ്ങുന്ന യുഎൻ സമാധാനസേനയെ പകരം വിന്യസിക്കാനുള്ള പദ്ധതിയും മധ്യസ്ഥതരുടെ പരിഗണനയിലുണ്ടെന്നാണ് റോയിട്ടേഴ്സിന്റെ ഉൾപ്പടെ റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്