മാർക്കോയെ പോലെ കാട്ടാളനിൽ വയലൻസ് ഉണ്ടാകുമോ?; മറുപടിയുമായി സംവിധായകൻ..

MARCH 10, 2025, 1:17 PM

മാർക്കോ എന്ന ചിത്രത്തിലെ വയലൻസിന്റെ അതിപ്രസരത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുന്ന സാഹചര്യത്തിലാണ് മാർക്കോയുടെ നിർമ്മാതാവ് തന്റെ പുതിയ ചിത്രമായ 'കാട്ടാളൻ' പ്രഖ്യാപിച്ചത്. ആന്റണി വർഗീസ് നായകനാവുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ പോൾ ജോർജ് ആണ്. താഴെ വീണു കിടക്കുന്ന മൃതദേഹങ്ങൾക്കും ആനകൊമ്പുകൾക്കും ഇടയിൽ മഴുവുമേന്തി നിൽക്കുന്ന ആന്റണി വർഗീസിന്റെ ചിത്രമാണ് ഇതിന്റെ ഫസ്റ്റ് ലുക്ക് ആയി പുറത്ത് വന്നത്. അതോടെ ഈ ചിത്രത്തിലും മാർക്കോയിലെ പോലെ വയലൻസിന്റെ അതിപ്രസരം ഉണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സമൂഹ മാധ്യങ്ങളിൽ പരന്നു. എന്നാൽ ഇതിൽ അത്തരം വയലൻസ് ഉണ്ടാവില്ലെന്ന വാക്കുകളുമായി നിർമ്മാതാവും എത്തിയിരുന്നു. ഇപ്പോൾ അതിനെ കുറിച്ച് വിശദീകരണവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ പോൾ ജോർജ്.

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...

'കാട്ടാളൻ' എന്ന സിനിമയിൽ വയലൻസ്  ഉണ്ടാവില്ല  എന്ന് പ്രൊഡ്യൂസർ ഷെരീഫ് മുഹമ്മദ് പറഞ്ഞിരുന്നല്ലോ ; അതിനെ കുറിച്ച്  കാട്ടാളന്റെ ഡയറക്ടർ എന്നനിലയിൽ താങ്കൾക്ക് എന്താണ്  പറയാനുള്ളത് ? അങ്ങനെ വയലൻസ്  ഒഴിവാക്കാൻ ഉള്ള നിർദേശം പ്രൊഡ്യൂസറിന്റെ ഭാഗത്തു നിന്ന് ലഭിച്ചിരുന്നോ?

vachakam
vachakam
vachakam

തീർച്ചയായിട്ടും. നിർമ്മാതാവുമായി സംസാരിച്ചിരുന്നു. അദ്ദേഹം നമുക്ക് വേണ്ട നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അത് കാട്ടാളൻ എന്ന സിനിമയിൽ നിന്ന് വയലൻസ് മുഴുവനായി ഒഴിവാക്കണം എന്നല്ല. കാരണം, അങ്ങനെ പൂർണ്ണമായിട്ട് ഒഴിവാക്കി കൊണ്ട് നമുക്ക് ആ സിനിമയുമായിട്ട് മുന്നോട്ടു പോകാനും പറ്റില്ല. അതിന്റെ കഥാപശ്ചാത്തലം കാടിനോട് ചേർന്നൊരു കഥാപശ്ചാത്തലമാണ്, അതിലെ കഥാപാത്രങ്ങൾക്ക് ഒരു വയലന്റ് ഷേഡ് ഉണ്ട്. അപ്പോൾ കമ്പ്‌ലീറ്റ് ആയി വയലൻസ് ഒഴിവാക്കി മുന്നോട്ട് പോകാൻ സാധിക്കില്ല. പക്ഷെ, വയലൻസിന്റെ ഒരു അതിപ്രസരം ഒക്കെ നമ്മൾ തീർച്ചയായും ഒഴിവാക്കും. ഒരു ഓവർ ബ്രൂട്ടാലിറ്റി ഒന്നും നമ്മുടെ സിനിമയിൽ ഉണ്ടാവില്ല, എന്നാൽ സെൻസർ ബോർഡ് കൽപ്പിക്കുന്ന മാനദണ്ഡങ്ങൾക്ക് ഉള്ളിൽ നിൽക്കുന്ന വയലൻസ് തീർച്ചയായിട്ടും കാട്ടാളൻ എന്ന സിനിമയിൽ ഉണ്ടാകും.

'കാട്ടാളൻ' സിനിമയുടെ പ്രൊഡ്യൂസർ തന്നെ തന്റെ മുൻപത്തെ സിനിമ ആയ 'മാർക്കോ'യിലെ പോലെ ഉള്ള വയലൻസ് ഈ സിനിമയിൽ ഉണ്ടാവില്ല എന്ന രീതിയിൽ ഒരു കുറ്റസമ്മതം നടത്തിയിട്ടുണ്ടാരുന്നല്ലോ. അതിനെ പറ്റി താങ്കളുടെ അഭിപ്രായം എന്താണ്?

ഇല്ല. അതൊരിക്കലും ഒരു കുറ്റസമ്മതം ആയിട്ട് എനിക്ക് തോന്നുന്നില്ല, വ്യക്തിപരമായിട്ട്. കാരണം മാർക്കോ എന്നൊരു ചിത്രം അവർ എടുക്കുമ്പോൾ, അത് ഒരാളെ ക്രൈം ചെയ്യാൻ പ്രേരിപ്പിക്കും എന്ന രീതിയിൽ ഒന്നും അവർ മുന്നിൽ കണ്ടിട്ടില്ലല്ലോ. ഇപ്പോൾ ഹോളിവുഡിലും കൊറിയൻ സിനിമയിലും ഒക്കെ ഇതുപോലെ ഉള്ള ആക്ഷൻ ഉള്ള ചിത്രങ്ങൾ വരുന്നുണ്ടല്ലോ. അപ്പോൾ അതുപോലെയുള്ള ഒരു ചിത്രം ഇന്ത്യയിൽ അവർ ഒരുക്കി എന്നല്ലേ ഉള്ളു. എന്നാൽ പിന്നീട് നമ്മുടെ സമൂഹത്തിൽ അതിനെ കുറിച്ച് ഒരു ചർച്ച വന്നപ്പോൾ, പൊതുജനത്തിന്റെ പ്രതികരണം വന്നപ്പോൾ, അതിനെ മാനിച്ചു കൊണ്ട് സാമൂഹിക പ്രതിബദ്ധത ഉള്ള ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹം പ്രോപ്പർ ആയി പ്രതികരിച്ചു. അപ്പോഴാണ് തന്റെ രണ്ടാമത്തെ ചിത്രത്തിൽ മാർക്കോയിലെ പോലെ ബ്രൂട്ടൽ ആയ വയലൻസ് ഉണ്ടാവില്ല എന്നദ്ദേഹം പറഞ്ഞത്. അത് സമൂഹത്തോടുള്ള ഒരു കമ്മിറ്റ്‌മെന്റ് ആയിട്ടാണ് എനിക്ക് തോന്നിയത്. അല്ലാതെ ഒരു കുറ്റസമ്മതം ആയിട്ട് ഒരിക്കലും തോന്നിയിട്ടില്ല.

vachakam
vachakam
vachakam

ഒരു നവാഗത സംവിധായകൻ എന്ന നിലയ്ക്ക് സമൂഹത്തിൽ ഇപ്പോൾ നടക്കുന്ന കുറ്റകൃത്യങ്ങളിൽ സിനിമയുടെ ഇൻഫ്‌ളുവെൻസ് എത്രത്തോളം ഉണ്ട് എന്നാണ് നിങ്ങൾ വിശ്വസിക്കുന്നത്? സംവിധായകനിലുപരി യുവതലമുറയിൽ ഉൾപ്പെട്ട ഒരാൾ എന്ന നിലയ്ക്ക് സിനിമ നിങ്ങളെ എത്രത്തോളം സ്വാധിനിക്കുന്നുണ്ട്?

സ്വാധീനിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ, ഒരു സിനിമയിൽ നല്ല കാര്യങ്ങളും ഉണ്ടാകും മോശം കാര്യങ്ങളും ഉണ്ടാകും. നല്ല കാര്യങ്ങളിൽ നിന്ന് നമുക്ക് ഇൻഫ്‌ളുവൻസ്ഡ് ആവാം. പക്ഷെ സിനിമയിലെ നല്ല കാര്യങ്ങളെയും മോശം കാര്യങ്ങളെയും തമ്മിൽ വേർതിരിച്ചു കാണാനുള്ള ഒരു വിവേക ബുദ്ധി ഇവിടുത്തെ പ്രേക്ഷകർക്ക് ഉണ്ട് എന്നുള്ള വിശ്വാസത്തിലാണല്ലോ നമ്മൾ ഓരോ സിനിമയും അവരുടെ മുന്നിലേക്ക് കൊണ്ട് വരുന്നത്. പിന്നെ ഒരു സിനിമ ഒരു ക്രൈം ചെയ്യാൻ പ്രേരിപ്പിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ, എനിക്ക് തോന്നുന്നു, വളരെ കുറവ് ശതമാനം മാത്രമായിരിക്കും അങ്ങനെ സംഭവിക്കുന്നത്. ഒരു ക്രൈമിലേക്ക് ഒരാളെ നയിക്കുന്നത് അയാളുടെ ജീവിത സാഹചര്യങ്ങളും, അയാളുടെ നിലവിലെ സാഹചര്യങ്ങളും ഒക്കെയാണല്ലോ. അല്ലാതെ ഒരു സിനിമ കണ്ടിട്ട് മാത്രം ഒരാൾ പോയി ഒരു ക്രൈം ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

ആദ്യ ചിത്രം കൊണ്ട് തന്നെ പ്രൊഡക്ഷൻ ഹൗസ് എന്ന നിലയിൽ വളരെയധികം ശ്രദ്ധ നേടിയ ക്യൂബ്‌സ് എന്റർടൈൻമെന്റസ് നിർമ്മിക്കുന്ന ചിത്രത്തിലെ മറ്റു കാസ്റ്റിംഗ് വിവരങ്ങളും അണിയറ പ്രവർത്തകരുടെ പേരുകളും വരും ദിവസങ്ങളിൽ പുറത്തു വരും. വാർത്താ പ്രചരണം - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam