ആപ്പിൾ ഉപകരണങ്ങളിലേക്കുള്ള ആപ്പിൾ ഇൻ്റലിജൻസ് പുറത്തിറക്കി കമ്പനി. ഇതുവഴി പുതിയ എഐ അധിഷ്ഠിത ഫീച്ചറുകള്‍ ഐഫോണ്‍, ഐപാഡ്, മാക്ക് ഉപകരണങ്ങളിലെത്തും.
ആപ്പിള്‍ പുറത്തിറക്കിയ പുതിയ സോഫ്റ്റ് വെയർ അപ്ഡേറ്റിലൂടെ ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ ഇന്റലിജൻസ് ഫീച്ചറുകള്‍ ലഭിക്കും.
ഇതിനായി ഐഫോണുകളും, ഐപാഡുകളും മാക്കും ഏറ്റവും പുതിയ ഐഒഎസ് 18.1, ഐപാഡ് ഒഎസ് 18.1, മാക്ക് ഒഎസ് സെക്കോയ 15.1 എന്നിവയിലേക്ക് അപ്ഡേറ്റ് ചെയ്യുക.
എഐ പവർ റൈറ്റിംഗിനുള്ള പുതിയ ഫീച്ചറുകൾ, അറിയിപ്പുകൾ കൈകാര്യം ചെയ്യുന്നതിനുള്ള എഐ പവർ സിസ്റ്റങ്ങൾ,എഐ അധിഷ്ടിതായി പ്രവർത്തിക്കുന്ന സിരി എന്നിവ പുതിയ അപ്ഡേറ്റിലൂടെ എത്തും.
ആപ്പിള്‍ ഇന്റലിജൻസ് ലഭിക്കുന്ന ആപ്പിള്‍ ഉപകരണങ്ങള്‍
- ഐഫോണ്‍ 15 പ്രോ മാക്സ്
- ഐഫോണ്‍ 15 പ്രോ
- ഐപാഡ് പ്രോ
- ഐപാഡ് എയർ
- മാക്ക്ബുക്ക് എയർ
- മാക്ക്ബുക്ക് പ്രോ
- ഐമാക്ക്
- മാക്ക് മിനി
- മാക്ക് സ്റ്റുഡിയോ
- മാക്ക് പ്രോ
പ്രധാനപ്പെട്ട സവിശേഷതകൾ
- പരിഷ്കരിച്ച സിരിയാണ് ആപ്പിള്‍ ഇന്റലിജൻസ് അപ്ഡേറ്റിലെ പ്രധാന മാറ്റങ്ങളിലൊന്ന്. ഒരു എഐ ചാറ്റ്ബോട്ടിന് സമാനമായ രീതിയിലാവും സിരിയുടെ പ്രവർത്തനം.
- ഉപഭോക്താവിന്റെ പഴയ നിർദേശങ്ങള്‍ ഓർത്തുവെക്കാനും സംഭാഷണത്തിന്റെ തുടർച്ച നിലനിർത്താനും സിരിയ്ക്ക് സാധിക്കും. ആപ്പിള്‍ കാർപ്ലേയില്‍ ഉള്‍പ്പെടെ അനുയോജ്യമായ ഐഫോണുകളിലും ഐപാഡിലും മാക്കിലും പുതിയ സിരി ലഭിക്കും.
- ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെ ആപ്പിൾ ഉപകരണങ്ങൾക്ക് എഴുതാനാകും. മെയിൽ, സന്ദേശങ്ങൾ, കുറിപ്പുകൾ ആപ്പുകൾ, ചില മൂന്നാം കക്ഷി ആപ്പുകൾ എന്നിവയിൽ ഈ ഫീച്ചർ ലഭിക്കും.
- ആപ്പിള്‍ ഇന്റിലജൻസിന്റെ സഹായത്തോടെ ഫോട്ടോസ് ആപ്പിലെ സെർച്ച് ഫീച്ചറും പരിഷ്കരിച്ചിട്ടുണ്ട്. ഇനി ചിത്രത്തിന്റെ വിവരണം നല്‍കി അവ തിരഞ്ഞു കണ്ടുപിടിക്കാം. ചിത്രങ്ങളിലെ അനാവശ്യ വസ്തുക്കള്‍ എഐയുടെ സഹായത്തോടെ നീക്കം ചെയ്യാനുള്ള സൗകര്യവും മെച്ചപ്പെട്ട മെമ്മറി ഫീച്ചറും പുതിയ അപ്ഡേറ്റിലെത്തും
- സുരക്ഷയോടുള്ള പ്രതിബദ്ധത ആവർത്തിച്ചുകൊണ്ട്, മിക്ക ആപ്പിൾ ഇൻ്റലിജൻസ് സവിശേഷതകളും ഉപകരണങ്ങളിൽ തന്നെ പ്രോസസ്സ് ചെയ്യപ്പെടുന്നുവെന്ന് ആപ്പിൾ വ്യക്തമാക്കുന്നു. ചില സങ്കീർണ്ണമായ ജോലികൾ പ്രോസസ്സ് ചെയ്യുന്നതിന് ആപ്പിൾ സ്വകാര്യ ക്ലൗഡ് കമ്പ്യൂട്ടിംഗ് ഉപയോഗിക്കുന്നു. അതിൽ സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്താൻ കമ്പനി പുറത്തുനിന്നുള്ള വിദഗ്ധരെ അനുവദിക്കുന്നു. പ്രശ്‌നങ്ങൾ കണ്ടെത്തുന്നവർക്ക് വൻ പാരിതോഷികവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
- സിരിയ്ക്കും എഴുത്ത് ഉപകരണങ്ങള്‍ക്കുമായി ചാറ്റ് ജിപിടിയും ഉപകരണങ്ങളില്‍ അനുവദിക്കുന്നുണ്ട്. ഇതിന്റെ പ്രവർത്തനത്തിവും ആപ്പിള്‍ സ്വകാര്യത വാഗ്ദാനം ചെയ്യുന്നുണ്ട്.