വെസ്റ്റിൻഡീസ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

JULY 18, 2026, 5:16 AM

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ്(89)അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം. ബാർബഡോസിലെ വീട്ടിലായിരുന്നു അന്ത്യം.

ചരിത്രത്തിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായിരുന്നു അദ്ദേഹം. ബാറ്റിങിലും ബൗളിങിലും ഫീൽഡിങിലും ഒരേപോലെ തിളങ്ങിയ സോബേഴ്‌സ്, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ചരിത്രത്തിൽ ആദ്യമായി ഒരോവറിലെ ആറ് പന്തുകളും സിക്‌സർ പറത്തിയ താരമെന്ന റെക്കോർഡിനും ഉടമയാണ്.

1954ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സോബേഴ്‌സ്, വെസ്റ്റ് ഇൻഡീസിനായി 93 ടെസ്റ്റ് മൽസരങ്ങൾ കളിച്ചു. ഇടംകൈയ്യൻ ബാറ്ററായിരുന്ന സോബേഴ്‌സ് ടെസ്റ്റിൽ 8,032 റൺസും 235 വിക്കറ്റുകളും സ്വന്തമാക്കി.

vachakam
vachakam
vachakam

1958ൽ പാകിസ്ഥാനെതിരേ പുറത്താകാതെ നേടിയ 365 റൺസ് ദീർഘകാലം ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറായിരുന്നു. ഈ സ്‌കോർ പിന്നീട് ബ്രയാൻ ലാറ തകർത്തു. ഒരേയൊരു ഏകദിന ക്രിക്കറ്റ് മത്സരം മാത്രമാണ് സോബേഴ്‌സ് കളിച്ചത്. അതിൽ ഒരു വിക്കറ്റ് വീഴ്ത്തി.

1975ൽ ക്രിക്കറ്റിന് നൽകിയ സംഭാവനകൾ പരിഗണിച്ച് ബ്രിട്ടനിലെ രാജ്ഞി അദ്ദേഹത്തിന് 'നൈറ്റ്ഹുഡ്'(സർ പദവി)നൽകി. സോബേഴ്‌സിന്റെ വിയോഗത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും പ്രമുഖ ക്രിക്കറ്റ് താരങ്ങളും അനുശോചനം രേഖപ്പെടുത്തി.

ഡോൺ ബ്രാഡ്മാൻ പറഞ്ഞു  '' ഞാൻ കണ്ട ഏറ്റവും മികച്ച ആൾറൗണ്ടർ''. ഏത് ബൗളറെയും അതിർത്തിവരയ്ക്കപ്പുറത്തേക്ക് കടത്താനും ദീർഘനേരം ക്രീസിൽ പിടിച്ചുനിൽക്കാനുമുള്ള കഴിവ്, ഇടതുകൈകൊണ്ട് പേസും സ്പിന്നും ഒരുപോലെറിയുവാനുള്ള മികവ്, ഏത് പൊസിഷനിലും ഫീൽഡ് ചെയ്യാനുള്ള പ്രാവീണ്യം. പ്രതിസന്ധി ഘട്ടങ്ങളിൽ ടീമിനെ മുന്നിൽ നിന്ന് നയിക്കാനുള്ള ശേഷി ഇതൊക്കെയായിരുന്നു ഗാർഫീൽഡ് സോബേഴ്‌സ് എന്ന ഗാരി സോബേഴ്‌സിനെ ലോകം വാഴ്ത്താൻ കാരണം.

vachakam
vachakam
vachakam

കരീബിയൻ ദ്വീപായ ബാർബഡോസിൽ ചെറുപ്രായത്തിൽ തന്നെ പിതാവിനെ നഷ്ടപ്പെട്ട സോബേഴ്‌സിനെ കഷ്ടപ്പെട്ടാണ് അമ്മ വളർത്തിയത്. അത്‌ലറ്റിക്‌സും ഫുട്‌ബോളുമൊക്കെയുണ്ടായിരുന്നെങ്കിലും ക്രിക്കറ്റായിരുന്നു സോബേഴ്‌സിന്റെ ഇഷ്ടകായിക ഇനം. 16ാം വയസിൽ ഫസ്റ്റ് ക്‌ളാസ് ക്രിക്കറ്റിൽ അരങ്ങേറി. 21ാം വയസിൽ അരങ്ങേറ്റ ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടി.

ഇന്നും ടെസ്റ്റിലെ ഏറ്റവും പ്രായംകുറഞ്ഞ ട്രിപ്പിൾ സെഞ്ച്വറിക്കുടമ സോബേഴ്‌സാണ്. 1965ലാണ് വെസ്റ്റ് ഇൻഡീസ് ക്യാപ്ടൻസി ഏറ്റെടുത്തത്. ലോകോത്തര ബാറ്റർമാരും പേസർമാരും നിറഞ്ഞ ആ ടീമിനെ നയിക്കാൻ ബാറ്റിംഗിലും ബൗളിംഗിലും ഇത്രമേൽ പ്രാവീണ്യം നേടിയ മറ്റാരുമുണ്ടായിരുന്നില്ല. വിശ്വജേതാക്കളായി കരീബിയൻ ടീം ലോകത്തെ വിറപ്പിച്ചപ്പോൾ പതറാത്ത നായകനായി സോബേഴ്‌സ് ആൾറൗണ്ടർ എന്ന പദത്തിന് പര്യായമായി മാറി.

ഇംഗ്‌ളീഷ് കൗണ്ടിൽ ഗ്‌ളമോർഗന്റെ മാൽക്കം നാഷിനെ ഒരോവറിൽ ആറുസിക്‌സറുകൾക്ക് പായിച്ചപ്പോഴോ, റെക്കാർഡുകൾ ഓരോന്നായി തിരുത്തിക്കുറിച്ചപ്പോഴോ അഹങ്കരിച്ചില്ല. റെക്കാർഡുകളിലല്ല ടീമിന്റെ വിജയത്തിലാണ് കാര്യമെന്ന് പറഞ്ഞ് വിനീതനായി.

vachakam
vachakam
vachakam

1970ൽ വർണവെറി നിലനിന്നിരുന്ന റൊഡേഷ്യയിൽ ( ഇന്നത്തെ സിംബാബ്‌വേ) കളിക്കാൻ പോയ സോബേഴ്‌സിനെ വിൻഡീസ് ക്യാപ്ൻ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് മുറവിളിയുണ്ടായി. എന്നാൽ താൻ ക്രിക്കറ്റ് കളിക്കാൻ മാത്രമാണ് പോയതെന്നും അതിത്ര വലിയ പ്രശ്‌നമാകുമെന്ന് അറിയില്ലായിരുന്നെന്നും കരീബിയൻ ബോർഡിന് കത്തുനൽകി സോബേഴ്‌സ് ക്യാപ്ടൻസി നിലനിറുത്തി.

പ്രായാധിക്യത്തിലും ക്രിക്കറ്റ് ഗ്രൗണ്ടുകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന സോബേഴ്‌സ് ഇന്ത്യൻ ക്രിക്കറ്റ് ടീം വിൻഡീസ് പര്യടനത്തിനെത്തുമ്പോൾ സച്ചിനെയും രോഹിതിനെയും വിരാട് കോഹ്ലിയേയുമൊക്കെ കാണാനെത്തുന്നത് പതിവായിരുന്നു. ജീവിതാന്ത്യം വരെ ക്രിക്കറ്റിനെ സ്‌നേഹിച്ച ആ മഹാപ്രതിഭ ലാസ്റ്റ് ബാളും കഴിഞ്ഞ് ഓർമ്മയുടെ ഗാലറിയലേക്ക് മടങ്ങിയിരിക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam