ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ഫീൽഡിങ് കോച്ച് ടി ദിലീപ് തന്റെ അഞ്ച് വർഷത്തെ സേവനത്തിന് ശേഷം പടിയിറങ്ങി. സിംബാബ്വെക്കെതിരായ ടി20 പരമ്പരയ്ക്ക് ശേഷം കരാർ പുതുക്കാത്തതിനെത്തുടർന്നാണ് ഹൈദരാബാദ് സ്വദേശിയായ ദിലീപ് പടിയിറങ്ങുന്നത്. അദ്ദേഹത്തിന് പകരമായി ശുഭദീപ് ഘോഷ് പുതിയ ഫീൽഡിങ് കോച്ചായി ചുമതലയേറ്റെടുത്തിട്ടുണ്ട്. ആഗസ്റ്റ് 15ന് ആരംഭിക്കുന്ന ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനൊപ്പം അദ്ദേഹം യാത്ര തിരിക്കും.
തന്റെ അഞ്ച് വർഷത്തെ സുവർണ്ണ കാലഘട്ടം പൂർത്തിയാക്കിയതിന് പിന്നാലെ, ഇൻസ്റ്റാഗ്രാമിലൂടെയാണ് ടി ദിലീപ് വികാരനിർഭരമായ കുറിപ്പിലൂടെ ആരാധകരോടും ടീമിനോടും യാത്രപറഞ്ഞത്. ''അഞ്ച് വർഷങ്ങൾ, ഇത്രയേറെ അർത്ഥവത്തായ ഒരു യാത്രയെ വിശേഷിപ്പിക്കാൻ കൃത്യമായ വാക്കുകൾ കണ്ടെത്തുക പ്രയാസമാണ്. ഈ ടീമിനൊപ്പം ചേരുമ്പോൾ ഒരു ലളിതമായ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, എല്ലാ ദിവസവും എന്നെ കൊണ്ടാവുന്നത് പൂർണമായി നൽകുക. ഈ ടീമിന്റെ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ കടപ്പെട്ടിരിക്കും.'' ദിലീപ് കുറിച്ചിട്ടു.
ഇന്ത്യൻ ഡ്രെസ്സിങ് റൂമിൽ വലിയ രീതിയിൽ തരംഗം സൃഷ്ടിച്ച, മത്സരശേഷം മികച്ച ഫീൽഡർക്ക് നൽകുന്ന ഫീൽഡിങ് മെഡൽ ആചാരത്തെ അദ്ദേഹം പ്രത്യേകമായി സ്മരിച്ചു. അത് ടീമിൽ ഉണ്ടാക്കിയ ആവേശവും പുഞ്ചിരികളും എന്നെന്നും ഹൃദയത്തിലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ കാലയളവിൽ ടീം രണ്ട് ഐ.സി.സി ടി20 ലോകകപ്പ് വിജയങ്ങൾ (2024 & 2026) നേടി.
2025ൽ ഐ.സി.സി ചാമ്പ്യൻസ് ട്രോഫി വിജയം നേടുമ്പോഴും അദ്ദേഹം ഫീൽഡിംഗ് കോച്ചായിരുന്നു. രണ്ട് ഏഷ്യാ കപ്പ് വിജയങ്ങളും (2023 & 2025) അദ്ദേഹത്തിന്റെ കരിയറിനെ മനോഹരമാക്കി. 2023ൽ ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഏകദിന ലോകകപ്പിലും ടീം റണ്ണേഴ്‌സ് അപ്പായിരുന്നു. തന്നിൽ വിശ്വാസമർപ്പിച്ച ബി.സി.സി.ഐയ്ക്കും, മുൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്, നിലവിലെ ഹെഡ് കോച്ച് ഗൗതം ഗംഭീർ എന്നിവർക്കും ദിലീപ് പ്രത്യേക നന്ദി അറിയിച്ചു.
കൂടാതെ രോഹിത് ശർമ, സൂര്യകുമാർ യാദവ്, വിരാട് കോഹ്ലി, ഹാർദിക് പാണ്ഡ്യ, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ തുടങ്ങിയ വിവിധ കാലഘട്ടങ്ങളിൽ ക്യാപ്ടൻമാരായിരുന്നവരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ പദവിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
