ഗുഡ്ഗാവ്: ഹരിയാനയിലെ ഫരീദാബാദില്‍ സ്വകാര്യ വിദ്യാലയത്തിലെ ക്ലാസ് മുറിക്ക് പുറത്തേക്ക് വിളിച്ചിറക്കി ഇംഗ്ലീഷ് അധ്യാപികയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ പൊലീസ് മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്തു. സിക്കോണയിലെ സരസ്വതി സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപിക സന്ധ്യ (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോട്ട് വില്ലേജ് സ്വദേശിയായ അമിത് (21) എന്ന യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
രണ്ട് വര്‍ഷത്തോളമായി പ്രതി അധ്യാപികയെ പിന്തുടര്ന്ന് ശല്യം ചെയ്തിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. കുറച്ചുനാളുകളായി സന്ധ്യ ഇയാളോട് സംസാരിക്കുന്നത് പൂര്‍ണമായും ഒഴിവാക്കുകയും ശല്യം തുടര്‍ന്നാല്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമായത്. മാസ്ക് ധരിച്ച് സ്കൂളിലെത്തിയ പ്രതി, സന്ധ്യയുടെ ഭര്‍ത്താവ് വിക്കി കാണാന്‍ വന്നിട്ടുണ്ടെന്ന് വിദ്യാലയത്തിലെ ജീവനക്കാരോട് നുണ പറഞ്ഞ് സന്ധ്യയെ ക്ലാസില്‍ നിന്ന് പുറത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
ക്ലാസ് മുറിക്ക് പുറത്തിറങ്ങിയ സന്ധ്യയെ പ്രതി ബലംപ്രയോഗിച്ച് ഇടനാഴിയിലേക്ക് വലിച്ചിഴയ്ക്കുകയും കൈയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് കഴുത്തിലും വയറിലും തുടരെത്തുടരെ കുത്തുകയുമായിരുന്നു. വെറും 13 സെക്കന്‍ഡിനുള്ളില്‍ ഇരുപതിലധികം തവണയാണ് ഇയാള്‍ അധ്യാപികയെ ആക്രമിച്ചത്. വിദ്യാര്‍ത്ഥികളുടെയും മറ്റ് അധ്യാപകരുടെയും മുന്നില്‍വെച്ചായിരുന്നു സംഭവം. തടയാനെത്തിയ സ്കൂള്‍ പ്രിന്‍സിപ്പല്‍ തേജ്പാലിനെ പ്രതി കത്തികാട്ടി ഭീഷണിപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ സന്ധ്യയെ ഉടനടി അല്‍-ഫല മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവത്തിന് ശേഷം രക്ഷപ്പെട്ട അമിത്തിനെ ആന്റി വെഹിക്കിള്‍ തെഫ്റ്റ് സ്ക്വാഡും സിക്കോണ പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ രണ്ട് മണിക്കൂറിനുള്ളില്‍ പിടികൂടുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി രണ്ട് മാസം മുമ്പുതന്നെ വാങ്ങി പ്രതി കൃത്യം ആസൂത്രണം ചെയ്തിരുന്നതായി ചോദ്യം ചെയ്യലില്‍ തെളിഞ്ഞതായി പൊലീസ് വക്താവ് യശ്പാല്‍ യാദവ് അറിയിച്ചു. പ്രണയ വിവാഹിതയായ സന്ധ്യയ്ക്ക് അഞ്ചും മൂന്നും വയസുള്ള രണ്ട് കുട്ടികളുണ്ട്. ഭര്‍ത്താവ് വികാസിന്റെ പരാതിയില്‍ സെക്ടര്‍ 58 പൊലീസ് സ്റ്റേഷന് കൊലപാതക കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
