തിരുവനന്തപുരം: ട്രഷറികളില്‍ പണ ലഭ്യതക്കുറവുണ്ടാകുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ റിസര്‍വ് ബാങ്കിന്റെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യത്തെ അമിതമായി ആശ്രയിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം. കര്‍ണാടക മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി എസ്.എന്‍ പ്രസാദ് അധ്യക്ഷനായ റിസര്‍വ് ബാങ്ക് ഉപദേശക സമിതിയാണ് ഇതുസംബന്ധിച്ച ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. കേരള ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാലും അംഗമായ സമിതിയുടെ പുതിയ നിര്‍ദേശങ്ങള്‍, കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് വലിയ തിരിച്ചടിയാകും.
നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് തുടര്‍ച്ചയായി 14 ദിവസം വരെ ഒ.ഡിയില്‍ തുടരാന്‍ അനുവാദമുള്ളത് പത്ത് ദിവസമായി ചുരുക്കാനാണ് പ്രധാന ശുപാര്‍ശ. കൂടാതെ സാമ്പത്തിക വര്‍ഷത്തിലെ ഒരു പാദത്തില്‍ പരമാവധി ഉപയോഗിക്കാവുന്ന ഒ.ഡി ദിവസങ്ങളുടെ എണ്ണം 36 ല്‍ നിന്ന് 30 ആയി കുറയ്ക്കാനും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സാമ്പത്തിക മാനേജ്മെന്റില്‍ കൃത്യമായ മുന്‍കരുതലുകളെടുക്കാതെ റിസര്‍വ് ബാങ്കിന്റെ ഈ വായ്പാ സൗകര്യങ്ങള്‍ അനാവശ്യമായി ഉപയോഗിക്കുന്നത് തടയുകയാണ് ലക്ഷ്യം. വേയ്സ് ആന്‍ഡ് മീന്‍സ് വായ്പകളെയും ഒ.ഡി സംവിധാനത്തെയും നിരന്തരം ആശ്രയിക്കുന്ന കേരളത്തിന് ഈ ദിവസ പരിധി കുറയ്ക്കല്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കും.
റിസര്‍വ് ബാങ്കുമായുള്ള കരാര്‍ അനുസരിച്ച് ദിവസേന 1.66 കോടി രൂപ മിനിമം ബാലന്‍സ് സംസ്ഥാനങ്ങള്‍ നിലനിര്‍ത്തേണ്ടതുണ്ട്. ഇതില്‍ കുറവുണ്ടാകുമ്പോള്‍ കണ്‍സോളിഡേറ്റഡ് സിങ്കിങ് ഫണ്ട്, ഗ്യാരന്റി റിഡംപ്ഷന്‍ ഫണ്ട് എന്നിവ മുന്‍നിര്‍ത്തി സ്പെഷ്യല്‍ ഡ്രായിങ് ഫെസിലിറ്റിയായി 3362.9 കോടി രൂപ വരെയും, വേയ്സ് ആന്‍ഡ് മീന്‍സ് വായ്പയായി 2308 കോടി രൂപ വരെയും ബാങ്കില്‍ നിന്ന് സമാഹരിക്കാം. ഇവ കൊണ്ടും ധനകമ്മി നികത്താനാകാതെ വരുമ്പോഴാണ് ഉയര്‍ന്ന പലിശനിരക്കില്‍ ഒ.ഡി സൗകര്യം പ്രയോജനപ്പെടുത്തുന്നത്.
മൊത്തം ചെലവുകള്‍ക്ക് പകരം ലോട്ടറി വരുമാനം ഒഴിവാക്കിയുള്ള മൊത്തം റവന്യൂ വരുമാനത്തെ അടിസ്ഥാനമാക്കി വേയ്സ് ആന്‍ഡ് മീന്‍സ് പരിധി നിശ്ചയിക്കാനും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തിന്റെ റവന്യൂ വരുമാനം 2022-23 ലെ 1.32 ലക്ഷം കോടി രൂപയില്‍ നിന്ന് 2024-25 ല്‍ 1.25 ലക്ഷം കോടിയായി കുറഞ്ഞതിനാല്‍, പുതിയ മാനദണ്ഡമനുസരിച്ച് സംസ്ഥാനത്തിന്റെ വേയ്സ് ആന്‍ഡ് മീന്‍സ് പരിധിയില്‍ വെറും 8.5 ശതമാനം വര്‍ധന (2503 കോടി രൂപ) മാത്രമേ ലഭിക്കൂ. സിങ്കിങ് ഫണ്ടിന്റെ 75 ശതമാനം വരെ സ്പെഷ്യല്‍ ഡ്രായിങ് ആയി എടുക്കാമെന്ന നിര്‍ദേശമുണ്ടെങ്കിലും, ആവശ്യത്തിന് സിങ്കിങ് ഫണ്ടില്ലാത്തത് കേരളത്തിന് ഇവിടെയും തിരിച്ചടിയാകുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
