തിരുവനന്തപുരം: ഗതാഗതമന്ത്രി സി.പി. ജോൺ നടത്തിയ വിവാദ പരാമർശം തള്ളി ആരോഗ്യമന്ത്രി കെ. മുരളീധരൻ. സർക്കാർ ബസിലെ യാത്രയും സർക്കാർ ആശുപത്രികളിലെ ചികിത്സയും ജനങ്ങൾക്ക് ലഭിക്കുന്ന അവകാശമാണെന്നും അതിനെ സൗജന്യ ആനുകൂല്യമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.
"സർക്കാർ ബസിൽ യാത്ര ചെയ്യുന്നത് ജനങ്ങൾക്ക് സർക്കാർ ഉറപ്പുനൽകിയ അവകാശമാണ്. അതുപോലെ സർക്കാർ ആശുപത്രികളിലെ ചികിത്സയും ജനങ്ങളുടെ അവകാശമാണ്, സൗജന്യമല്ല," എന്ന് കെ. മുരളീധരൻ പറഞ്ഞു.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രോഗികളെ വരാന്തയിൽ കിടത്തി ചികിത്സിക്കുന്ന സാഹചര്യം ഇല്ലാതാക്കാൻ സർക്കാർ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് മെഡിക്കൽ കോളേജുകളിൽ നിലത്ത് കിടത്തി ചികിത്സിക്കുന്ന രീതി പൂർണമായും അവസാനിപ്പിച്ചെന്നും, അടുത്ത ഘട്ടത്തിൽ തൃശൂർ മെഡിക്കൽ കോളേജിലും അത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ബസിൽ യാത്ര ചെയ്യാൻ പണമില്ലാത്ത സ്ത്രീകൾ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുന്നുവെന്ന ഗതാഗതമന്ത്രി സി.പി. ജോണിന്റെ പരാമർശമാണ് വിവാദമായത്. സർക്കാർ സ്കൂളുകളിൽ സീറ്റുകൾ ഒഴിവുകിടക്കുമ്പോഴും ഫീസ് ഈടാക്കുന്ന സ്വകാര്യ സ്കൂളുകളെയാണ് പലരും തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
"സ്വകാര്യ ആശുപത്രിയിൽ പോകാൻ പണമില്ലെങ്കിലും സർക്കാർ ആശുപത്രിയുടെ വരാന്തയിലാണ് ചികിത്സ തേടുന്നത്. ബസ് വന്നാൽ കുറഞ്ഞ നിരക്കുള്ള കെഎസ്ആർടിസിയിൽ തിക്കിത്തിരക്കി കയറുന്നു. ഇത് കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റമാണ്," എന്നായിരുന്നു സി.പി. ജോണിന്റെ വിവാദ പരാമർശം.
കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മന്ത്രി ഈ പ്രസ്താവന നടത്തിയത്. സ്ത്രീകൾ ദാരിദ്ര്യം അഭിനയിക്കുകയാണെന്നും, സാമ്പത്തികമായി ശേഷിയുള്ളവരും പരമദരിദ്രരായി പെരുമാറുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മന്ത്രിയുടെ പരാമർശത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നിട്ടുണ്ട്. പ്രതിപക്ഷ നേതാക്കളും പ്രസ്താവനയെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
