ഒത്തുകളി ശ്രമങ്ങളെത്തുടർന്ന് ഇന്ത്യൻ വംശജനായ അമേരിക്കൻ ക്രിക്കറ്റർ ബോഡുഗും അഖിലേഷ് റെഡ്ഡിക്ക് എട്ട് വർഷത്തേക്ക് വിലക്കേർപ്പെടുത്തി.
എല്ലാത്തരം ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും താരം വിട്ടുനിൽക്കണം. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റേതാണ് തീരുമാനം. ഐ.സി.സി അഴിമതി വിരുദ്ധ ട്രിബ്യൂണൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഐ.സി.സി ആന്റി കറപ്ഷൻ കോഡിന്റെ മൂന്ന് ലംഘനങ്ങൾ നടത്തിയതായി കണ്ടെത്തിയതിനെത്തുടർന്നാണ് 26 കാരനായ താരത്തിന് എട്ട് വർഷത്തെ വിലക്ക് ലഭിച്ചതെന്ന് ഐ.സി.സി ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു.
2025ൽ നടന്ന അബുദാബി ടി10 ടൂർണമെന്റുമായി ബന്ധപ്പെട്ടാണ് അഖിലേഷ് റെഡ്ഡിക്കെതിരെ അഴിമതി വിരുദ്ധ ചട്ടപ്രകാരം കുറ്റം ചുമത്തിയത്. എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡിന് വേണ്ടി ഐ.സി.സി ആയിരുന്നു ഈ ടൂർണമെന്റിന്റെ ആന്റി കറപ്ഷൻ ഒഫീഷ്യൽ. 2025 നവംബർ 21 മുതൽ താരം താൽക്കാലിക സസ്‌പെൻഷനിലായിരുന്നു. അബുദാബി ടി10 മത്സരങ്ങളുടെ ഫലത്തെയോ ഗതിയെയോ സ്വാധീനിക്കാനോ ഒത്തുകളിക്കാനോ താരം ശ്രമിച്ചെന്ന് പരിശോധനയിൽ കണ്ടെത്തി. ടൂർണമെന്റിലെ മത്സരങ്ങളിൽ കോഡ് ലംഘിക്കാൻ മറ്റൊരു പങ്കാളിയെ പ്രേരിപ്പിക്കുകയോ അതിനായി സഹായിക്കുകയോ ചെയ്തു. മാത്രമല്ല, അന്വേഷണവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളും സന്ദേശങ്ങളും മൊബൈൽ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്ത് ഐ.സി.സി അന്വേഷണം വഴിതെറ്റിക്കാനും തടസ്സപ്പെടുത്താനും ശ്രമിച്ചു.
ഹൈദരാബാദ് സ്വദേശിയായ അഖിലേഷ് റെഡ്ഡി, അന്താരാഷ്ട്ര അവസരങ്ങൾ തേടിയാണ് അമേരിക്കൻ ക്രിക്കറ്റിലേക്ക് ചേക്കേറിയത്. അമേരിക്കയ്ക്കുവേണ്ടി 4 ടി20 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള താരം ഒരു വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഇന്ത്യയിൽ ആഭ്യന്തര ക്രിക്കറ്റിൽ വിജയ് ഹസാരെ ട്രോഫി സ്‌ക്വാഡിന്റെ ഭാഗമായിരുന്ന അദ്ദേഹം, ഐ.പി.എൽ ഫ്രാഞ്ചൈസിയായ സൺറൈസേഴ്‌സ് ഹൈദരാബാദിനായി നെറ്റ് ബൗളറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വലംകൈയ്യൻ ബാറ്ററും ഓഫ് സ്പിന്നറുമാണ് അഖിലേഷ്.
സമീപകാലത്തായി ഐ.സി.സി നടപടി നേരിടുന്ന രണ്ടാമത്തെ അമേരിക്കൻ ക്രിക്കറ്റ് താരമാണ് അഖിലേഷ് റെഡ്ഡി. 2024 ലെ ടി20 ലോകകപ്പിൽ അമേരിക്കൻ ടീമിനായി തിളങ്ങിയ ആരോൺ ജോൺസും സമാനമായ ഒത്തുകളി ആരോപണങ്ങളെത്തുടർന്ന് ഈ വർഷത്തിന്റെ തുടക്കത്തിൽ സസ്‌പെൻഷനിലായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
