ന്യൂഡല്‍ഹി: രാജ്യത്ത് പുനരുപയോഗ ഊര്‍ജ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും വിദേശങ്ങളില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിനുമായി പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇ20 എഥനോള്‍ ബ്ലെന്‍ഡിങ് പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് പിന്നാലെ, ബയോ-സിഎന്‍ജി അഥവാ കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഗോബര്‍ധന്‍ (ദേശീയ സര്‍ക്കുലര്‍ ബയോഎനര്‍ജി) പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.
2026-27 സാമ്പത്തിക വര്‍ഷം മുതല്‍ 10 വര്‍ഷത്തെ കാലയളവിലേക്ക് നടപ്പിലാക്കുന്ന ഈ വന്‍കിട പദ്ധതിക്കായി 23,731 കോടി രൂപയാണ് കേന്ദ്രം നീക്കിവച്ചിരിക്കുന്നത്. രാജ്യത്തെ ഗാര്‍ഹിക കംപ്രസ്ഡ് ബയോഗ്യാസ് ഉത്പാദനം പത്ത് മടങ്ങായി വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കൃഷിശിഷ്ടങ്ങള്‍, ചാണകം, പഞ്ചസാര മില്ലുകളിലെ മാലിന്യങ്ങള്‍, മുനിസിപ്പല്‍ ജൈവമാലിന്യങ്ങള്‍ എന്നിവ സംസ്‌കരിച്ചാണ് ശുദ്ധമായ ബയോഗ്യാസും ജൈവവളവും ഉത്പാദിപ്പിക്കുന്നത്.
വരും വര്‍ഷങ്ങളില്‍ സിഎന്‍ജി, പിഎന്‍ജി വിതരണത്തില്‍ കംപ്രസ്ഡ് ബയോഗ്യാസ് നിര്‍ബന്ധമായും കലര്‍ത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതുപ്രകാരം 2026-27 വര്‍ഷത്തില്‍ 3 ശതമാനവും 2027-28-ല്‍ 4 ശതമാനവും 2028-29 മുതല്‍ 5 ശതമാനമായും സിബിജി വിതരണ ശൃംഖലയില്‍ കലര്‍ത്തേണ്ടി വരും. പ്ലാന്റുകള്‍ സ്ഥാപിക്കുന്നവര്‍ക്കും നിക്ഷേപകര്‍ക്കും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി സമഗ്രമായ ആറ് ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ഉല്‍പ്പാദിപ്പിക്കുന്ന ഗ്യാസ് മുഴുവന്‍ സിറ്റി ഗ്യാസ് വിതരണ കമ്പനികള്‍ വാങ്ങുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നു. കൂടാതെ എംഎംബിടിയു ഒന്നിന് 2,110 രൂപ എന്ന നിരക്കില്‍ കുറഞ്ഞത് 10 വര്‍ഷത്തേക്ക് സ്ഥിരവില ലഭ്യമാക്കും. പുതിയ ഗ്രീന്‍ഫീല്‍ഡ് സിബിജി പദ്ധതികള്‍ക്ക് പ്രതിദിനം ഒരു ടണ്‍ ഉല്‍പ്പാദന ശേഷിക്ക് രണ്ട് കോടി രൂപ വരെ സാമ്പത്തിക സഹായവും പൈപ്പ് ലൈന്‍ വികസനം, ബാങ്ക് വായ്പാ പിന്തുണ, ജില്ലാതല ഫണ്ട് എന്നിവയും പദ്ധതിയിലൂടെ ഉറപ്പാക്കും. സാധാരണ സിഎന്‍ജിക്ക് സമാനമായ രാസഘടനയുള്ളതിനാല്‍ വാഹനങ്ങളുടെ എന്‍ജിനിലോ ഇന്ധന ഘടനയിലോ യാതൊരു മാറ്റവും വരുത്താതെ തന്നെ കാറുകളിലും ഓട്ടോകളിലും ഇതര വാഹനങ്ങളിലും ഈ ബയോ-സിഎന്‍ജി ധൈര്യമായി ഉപയോഗിക്കാം.
പൈപ്പ് ലൈന്‍ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതോടെ ഇന്ധന ലഭ്യത കൂടുതല്‍ സുഗമമാകും. മാലിന്യ സംസ്‌കരണവും ശുദ്ധ ഇന്ധന നിര്‍മാണവും ഒരുമിച്ച് നടക്കുന്നതിലൂടെ ഗ്രാമീണ മേഖലകളില്‍ പുതിയ സംരംഭകത്വവും വരുമാന മാര്‍ഗങ്ങളും സൃഷ്ടിക്കാനും പരിസ്ഥിതി സൗഹൃദ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാനും പദ്ധതി വഴി സാധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
