ദുബായ്∙ നാട്ടിൽ നിന്ന് പരിചയക്കാരൻ കൊടുത്തയച്ച സ്യൂട്ട്കേസുമായി ദുബായിലെത്തിയ യുവതി സ്വർണക്കടത്ത് കേസിൽ പിടിയിലായി. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് യുവതിയുടെ ലഗേജിൽ നിന്ന് 460 ഗ്രാം 24 കാരറ്റ് അസംസ്കൃത സ്വർണം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. സ്വർണം ഉരുക്കി നേർത്ത കമ്പികളാക്കി സ്യൂട്ട്‌കേസിന്റെ റബർ ഫ്രെയിമിലും ഉൾഘടനയിലും സമർഥമായി ഘടിപ്പിച്ച നിലയിലായിരുന്നു.
വിമാനത്താവളത്തിലെ എക്‌സ്-റേ സ്കാനർ പരിശോധനയ്ക്കിടെ ലഭിച്ച അസാധാരണ സൂചനകളെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. സ്യൂട്ട്കേസിന്റെ ഭാഗമാണെന്ന് തോന്നിക്കുന്ന രീതിയിൽ വളരെ സങ്കീർണമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സ്വർണം ഒളിപ്പിച്ചിരുന്നതെന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കി.
നാട്ടിലെ ഒരു പരിചയക്കാരൻ തന്നയച്ചതാണ് ഈ സ്യൂട്ട്കേസെന്നും ഇതിൽ സ്വർണം ഒളിപ്പിച്ചിരുന്ന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്നുമാണ് ചോദ്യം ചെയ്യലിൽ ഏഷ്യൻ സ്വദേശിനിയായ യുവതി മൊഴി നൽകിയത്. മറ്റുള്ളവർ നൽകുന്ന ബാഗുകളോ പൊതികളോ സ്യൂട്ട്‌കേസുകളോ യാതൊരു കാരണവശാലും യാത്രക്കാർ കൈവശം കരുതരുതെന്നും പരിചയമുള്ളവരാണെങ്കിൽ പോലും ഇത്തരം ആവശ്യങ്ങൾ നിരസിക്കണമെന്നും ദുബായ് കസ്റ്റംസ് മുന്നറിയിപ്പ് നൽകി.
തങ്ങളുടെ ലഗേജിലുള്ള എല്ലാ സാധനങ്ങളുടെയും പൂർണ നിയമപരമായ ഉത്തരവാദിത്തം യാത്രക്കാരന് മാത്രമാണെന്ന് അധികൃതർ ഓർമിപ്പിച്ചു. കടത്തുസംഘങ്ങൾ എത്ര പുതിയ മാർഗങ്ങൾ സ്വീകരിച്ചാലും അത്യാധുനിക പരിശോധനാ സംവിധാനങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിചയസമ്പത്തും ഉപയോഗിച്ച് ഇത്തരം തട്ടിപ്പുകൾ കണ്ടെത്താൻ പ്രാപ്തരാണെന്ന് ദുബായ് കസ്റ്റംസ് പസഞ്ചർ ഓപ്പറേഷൻസ് ഡയറക്ടർ ഖാലിദ് അഹമ്മദ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
